മെറിന്‍ ലോകത്ത് നിന്നും വിടപറഞ്ഞതറിയാത വീട്ടില്‍ കളിയും ചിരിയുമായി മകള്‍ നോറ

കോട്ടയം: അമ്മ നഷ്ടപ്പെട്ടത് അറിയാതെ മോനിപ്പള്ളി ഊരാളി വീട്ടിലെ തൊട്ടില്‍ ഉറങ്ങുകയാണ് രണ്ട് വയസുള്ള നോറ. അവളുടെ അമ്മ ഇനിയില്ലെന്ന് അവള്‍ക്കറിയില്ല. അമേരിക്കയില്‍ വെച്ച് അച്ഛന്‍ തന്നെ അമ്മയെ കൊലപ്പെടുത്തിയപ്പോള്‍ അനാഥമായത് നോറയാണ്. അമ്മ ലോകത്ത് നിന്നും വിടപറഞ്ഞപ്പോള്‍ അച്ഛന്‍ ഇനി പുറം ലോകം കാണില്ലെന്നും അവള്‍ അറിയുന്നില്ല. ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച മെറിന്‍ ജോയിയുടെ മകളാണ് നോറ. ഊരാളി കുടുംബത്തില്‍ ഇപ്പോള്‍ കണ്ണീര്‍ പെരുമഴയാണ്. വ്യാഴാഴ്ച മെറിന്റെ ജന്മദിനവും വിവാഹ വാര്‍ഷിക ദിനവുമായിരുന്നു. ജന്മദിനാഘോഷത്തിനായി അമേരിക്കയില്‍ സുഹൃത്തുക്കളെയും മറ്റും മെറിന്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവ് നെവിന്‍ മെറിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ആഘോഷങ്ങള്‍ ഒന്നുമില്ലാത്ത ലോകത്തേക്ക് അവള്‍ യാത്രയായി.

ഏവരുടെയും പ്രിയപ്പെട്ടവള്‍ ആയിരുന്നു മെറിന്‍. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മെറിന്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തിരുന്നു. കുഞ്ഞുമകള്‍ നോറയുടെ കുസൃതികള്‍ കണ്‍ നിറയെ കണ്ടു. അച്ഛനോടും അമ്മയോടും സഹോദരി മീരയോടും സംസാരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണ വാര്‍ത്ത വീട്ടില്‍ അറിഞ്ഞു. തൊട്ടുമുമ്പ് സംസാരിച്ച മകളുടെ അപ്രതീക്ഷിത വേര്‍പാടില്‍ പകച്ച് നില്‍ക്കുകയാണ് മെറിന്റെ കുടുംബം.

മിടുക്കിയായിരുന്നു മെറിന്‍. അത് പഠനത്തിലും പെരുമാറ്റത്തിലും. 2016ല്‍ ആയിരുന്നു വെളിയാനാട് സ്വദേശിയായ ഫിലിപ് മാത്യുവും(നെവിന്‍) മെറിനുമായുള്ള വിവാഹം നടന്നത്. അതിന് ശേഷമാണ് അമേരിക്കയിലേക്ക് പോയത്. കഴിഞ്ഞ ഡിസംബറില്‍ മെറിനും നെവിനും നാട്ടില്‍ എത്തിയിരുന്നു. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്ന് മെറിന്റെ പിതാവ് ജോയി പറഞ്ഞു. എന്നാല്‍ നെവിനെതിരെ പരാതി നല്‍കിയില്ല. നാട്ടിലെത്തി പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും നെവിന്‍ തിരികെ അമേരിക്കയിലേക്ക് പോയി. ജനുവരി 12നായിരുന്നു ടിക്കറ്റ് എടുത്തിരുന്നത് എന്നാല്‍ നേരത്തെ നെവിന്‍ തിരികെ പോയി.

തുടര്‍ന്ന് മകള്‍ നോറയെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷം ജനുവരി 29ന് മെറിനും അമേരിക്കയിലേക്ക് മടങ്ങി പോയി. മാസങ്ങളായി നെവിനും മെറിനും പിരിഞ്ഞ് കഴിഞ്ഞ് വരികയായിരുന്നു. മിക്ക ദിവസവും വിളിക്കും. വിശേഷങ്ങള്‍ പറയും. കഴിഞ്ഞ ദിവസത്തെ വിഡിയോ കോള്‍ അവസാന വിളിയാകുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് മെറിന്റെ കുടുംബം പറയുന്നു.