ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി താലിബാൻ, ഒപ്പം പ്രശംസയും

അഫ്ഗാൻ സൈന്യത്തിന്റെ സഹായത്തിനായി ഇന്ത്യൻ സൈന്യം രാജ്യത്ത് എത്തുന്നത് അത്ര നല്ലതല്ല എന്ന മുന്നറിയിപ്പുമായി താലിബാൻ വക്താവ് മുഹമ്മദ് സുഹൈൽ ഷഹീൻ. വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് താലിബാൻ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്ന് അഫ്ഗാനിസ്താനിലുള്ള എംബസികൾക്ക് നേരെ അപകടകരമായ കാര്യങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാൻ ജനതയ്ക്ക് നൽകിയ സഹായത്തിന് താലിബാൻ ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തു. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്താനിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സഹായത്തെ പ്രശംസിക്കുന്നു. അഫ്ഗാൻ ജനതയ്ക്ക് വേണ്ടി ഡാം നിർമ്മാണം, രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾ തുടങ്ങിയവയിൽ ഇന്ത്യയുടെ സഹായത്തെ പ്രശംസിക്കുന്നു. അഫ്ഗാനിസ്താന്റെ വികസനത്തിനും പുനർനിർമ്മാണത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയുള്ള ഏത് കാര്യത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. താലിബാൻ വക്താവ് പറഞ്ഞു.

അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രവിശ്യകളും ഇപ്പോൾ താലിബാന്റെ പിടിയിലാണ്. കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്കു മേൽ താലിബാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായുള്ള ഭീതിപ്പെടുന്ന റിപ്പോർട്ടുകൾ പുറത്തെത്തുന്നുണ്ടെന്നാണ് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയത്. കീഴടങ്ങിയ അഫ്ഗാൻ സൈനികരെ ക്രൂരമായി കൊല്ലപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്.