ലൂസിഫറില്‍ തൃപ്തിയില്ല; ഗോഡ്ഫാദര്‍ മെച്ചപ്പെടുത്തി എടുത്തത്- ചിരഞ്ജീവി

മോഹന്‍ലാല്‍ നായകനായി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കായ ഗോഡ്ഫാദര്‍ തീയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്നു. ചിരഞ്ജീവയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പൃഥിരാജ് അവതരിപ്പിച്ച സയീദ് മസൂദിനെ സല്‍മാന്‍ ഖാനാണ് ഗോഡ്ഫാദറില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ പേരുകളില്‍ മാറ്റമുണ്ട്. അതേസമയം ലൂസിഫറില്‍ തനിക്ക് പൂര്‍ണ തൃപ്തി തോന്നിയില്ലെന്നും മാറ്റങ്ങള്‍ വരുത്തിയാണ് ഗോഡ്ഫാദര്‍ ഒരുക്കിയിരിക്കുന്നതെന്നും ചിരഞ്ജീവി പറഞ്ഞു.

ലൂസിഫറില്‍ തനിക്ക് പൂര്‍ണ തൃപ്തിയില്ല. കുറച്ച് കൂടെ മെച്ചപ്പെടുത്തിയാണ് ഗോഡ്ഫാദര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും. ഈ സിനിമ ഒരിക്കലും പ്രേക്ഷകരെ മടപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു. എല്ലാ വര്‍ക്കും ആസ്വദിക്കുവാന്‍ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ചിരഞ്ജീവി പ്രതികരിച്ചു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചിരഞ്ജീവിയുടെ പ്രതികരണം.

അതേസമയം ചിത്രത്തിനെതിരെ മലയാളി പ്രേക്ഷകര്‍ രംഗത്തെത്തി. മോഹന്‍ലാലിന്റെയും ചിരഞ്ജീവിയുടെയും പ്രകടനം ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ചിരഞ്ജീവിയുടെ 153മത് ചിത്രമാണിത്. നയന്‍താരയാണ് മലയാളത്തില്‍ മഞ്ജുവാര്യ അവതരിപ്പിച്ച കഥാപാത്രത്തെ ഗോഡ്ഫാദറില്‍ അവതരിപ്പിക്കുന്നത്.

മോഹന്‍രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷായാണ് ഛായഗ്രഹണം. ലൂസിഫറിന്റെ സംഘട്ടനം സംവിധാനം ചെയ്ത സില്‍വയാണ് ഗോഡ്ഫാദറിന്റെയും സംഘട്ടനം സംവിധാനം ചെയ്യുന്നത്. ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതോടെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റിമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.