കണ്മണിക്കുട്ടി ഇനി വിനീതിന്റെ കീഴിൽ നൃത്തം അഭ്യസിക്കും, സന്തോഷവാർത്ത പങ്കിട്ട് മുക്ത

വജയദശമിദിനത്തിൽ മകളുടെ പുത്തൻ വിശേഷം ആരാധകരുമായി പങ്കിട്ട് പ്രിയ താരം മുക്ത. നടനും നർത്തകനുമായ വിനീതിന്റെ കീഴിൽ മകൾ നൃത്തം അഭ്യസിക്കാൻ തുടങ്ങുകയാണെന്നാണ് മുക്ത കുറിച്ചിരിക്കുന്നത്. വിനീതിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മുക്ത ഈ പുത്തൻ വിശേഷം പങ്കുവച്ചത്. ‘അനുഗ്രഹീത കലാകാരന്റെ കീഴിൽ ചുവടുകൾ വച്ച് തുടങ്ങുകയാണ് പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക’ എന്നാണ് മുക്ത ചിത്രത്തോടൊപ്പം കുറിച്ചത്.

ആശംസകളുമായി ആരാധകരുമെത്തി. ‘കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ഗുരുനാഥനെയാണ് കിട്ടിയിരിക്കുന്ന’തെന്നും ഭാവിയിൽ നല്ലൊരു നർത്തകിയായി തീരട്ടെ എന്നുമൊക്കെയാണ് കമന്റുകൾ.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് മുക്ത. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. സ്റ്റേജ് ഷോകളിലും മറ്റും ഡാൻസുമായി നടി തിളങ്ങിയിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ബിഗ് സ്‌ക്രീനിൽ എത്തുന്നത്. വിവിധ ചിത്രങ്ങളിൽ തിളങ്ങുന്നതിനിടെ തമിഴിലും അവസരം ലഭിച്ചു. ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന നടി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.

കൂടത്തായി എന്ന പരമ്പരയിൽ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മൂന്ന് പ്രാവശ്യം വേണ്ടെന്ന് വെച്ച കഥാപാത്രമായിരുന്നു അതെന്ന് താരം പറഞ്ഞിരുന്നു. കുടുംബാംഗങ്ങളും ആരാധകരുമെല്ലാം മികച്ച പിന്തുണയായിരുന്നു താരത്തിന് നൽകിയത്. കൂടത്തായി അവസാനിച്ചതിന് പിന്നാലെ വേലമ്മാളിലേക്ക് നടി ജോയിൻ ചെയ്തു. എം പത്മകുമാർ ചിത്രമായ പത്താം വളവിൽ പ്രധാന വേഷത്തിൽ കൺമണി എത്തിയിരുന്നു