അശ്ലീല വീഡിയോ: ഇ.പി.ജയരാജന് പ്രതിപക്ഷ നേതാവിന്റെ നോട്ടീസ്.

തിരുവനന്തപുരം/ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ജയരാജനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായർ ഇ.പി.ജയരാജന് നോട്ടീസ് അയച്ചു.

അവാസ്തവമായ പ്രസ്തവന ഇ.പി.ജയരാജന്‍ ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അഭിഭാഷകൻ അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.

അതേസമയം, തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിറകില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നുവെനന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവന. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് സതീശനെ മാറ്റണമെന്നും, വിഡി സതീശന്റേയും യുഡിഎഫിന്റേയും വികൃത മുഖം ഒരോ ദിവസം കഴിയുംതോറും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും, തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതും സതീശന്‍ മുഖാന്തരം ആണെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്നുമായിരുന്നു ജയരാജന്റെ പ്രസ്താവന.