അതീവ സുരക്ഷ മേഖലയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയതിന് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം. നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഫോട്ടോഗ്രഫി നിരോധിച്ചിട്ടുള്ള അതീവ സുരക്ഷ മേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തിയ ഭരണപക്ഷ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പിഎമാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.

കെകെ രമ, ടി സിദ്ദിഖ്, എം വിന്‍സെന്റ്, എംകെ മുനീര്‍, എപി അനില്‍കുമാര്‍, പികെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരുടെ പിഎമാര്‍ക്കെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ടില്‍ ഇവരുടെ പേരികളുള്ളതായി പറയുന്നു. വിഷയത്തില്‍ എന്തെങ്കിലും ബോധിപ്പിക്കുവാന്‍ ഉണ്ടെങ്കില്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കില്‍ ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് സ്പീക്കറുടെ ഓഫീസ് എംഎല്‍എമാര്‍ ഉപരോധിച്ചത്. തുടര്‍ന്ന് ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തില്‍ കെകെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.