അച്ഛനെ പരിചരിച്ച മെയില്‍ നഴ്‌സുമായി പ്രണയത്തിലായി, തിരുവസ്ത്രം കത്തിച്ച് കത്തെഴുതിവെച്ച് കന്യാസ്ത്രീ ഒളിച്ചോടി

കണ്ണൂര്‍: കന്യാസ്ത്രീ കാമുകനൊപ്പം ഒളിച്ചോടി. കോണ്‍വെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതി വെച്ച് സഭാ വസ്ത്രം കത്തിച്ച് കളഞ്ഞ ശേഷമാണ് കന്യാസ്ത്രീ നാടുവിട്ടത്. കണ്ണൂരിലെ ഒരു സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാളാണ് തന്റെ തിരുവസ്ത്രം ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ തോമസിനൊപ്പം നാടുവിട്ടത്.

ആറ് കന്യാസ്ത്രീകള്‍ക്ക് ഒപ്പമാണ് ഇവര്‍ കഴിഞ്ഞത്. കോണ്‍വെന്റില്‍ നിന്നും സഹ കന്യാസ്ത്രീകള്‍ക്ക് ഒപ്പം പള്ളിയിലേക്ക് പോയ ഇവര്‍ ഉച്ചയോടെ തനിയെ കോണ്‍വെന്റില്‍ തിരികെ എത്തി. തുടര്‍ന്ന് അപ്രത്യക്ഷയായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരുടെ മുറിയില്‍ നിന്നും ‘എനിക്ക് ഈ ജീവിതം മടുത്തു. ഞാന്‍ പോകുകയാണ്’ എന്നെഴുതിയ കത്ത് കണ്ടെത്തി. തിരുവസ്ത്രം കത്തിച്ചു കളഞ്ഞതായും കണ്ടെത്തി. മാത്രമല്ല കന്യാസ്ത്രീ സ്വന്തം സഹോദരനും മദര്‍ സുപ്പീരിയറിനും തന്നെ ഇനി അന്വേഷിക്കേണ്ട പോവുകയാണെന്ന സന്ദേശവും അയച്ചു. എന്നാല്‍ ഇവര്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കന്യാസ്ത്രീ സ്ഥിരമായി ഒരു നമ്പറിലേക്ക് ഫോണ്‍ ചെയ്തിരുന്നെന്ന് കണ്ടെത്തി. രാത്രി പത്ത് മണിക്ക് ശേഷം ഫോണ്‍ ചെയ്യുന്നത് അനുവദിനീയം അല്ലാത്ത കോണ്‍വെന്റില്‍ ഈ സമയത്തിന് ശേഷം 15,00 മിനിറ്റ് മുതല്‍ 1,000 മിനിറ്റ് വരെ കന്യാസ്ത്രീ ഈ നമ്പറിലേക്ക് വിളിച്ച് സംസാരിച്ചതായി കണ്ടെത്തി. ഇക്കാര്യം മറ്റ് കന്യാസ്ത്രീകളോട് പോലീസ് തിരക്കി, സ്ഥിരമായി ഫോണ്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും അമ്മയോട് സംസാരിക്കുകയാണ് എന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

പോലീസ് ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കന്യാസ്ത്രീ തോമസിനൊപ്പമാണ് പോയതെന്ന് വ്യക്തമായത്. കണ്ണൂര്‍ പൊലീസ് കുണ്ടറ പൊലീസുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയിലെടുക്കുകയും കണ്ണൂരിലേക്ക് എത്തിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം കന്യാസ്ത്രീക്ക് തനിക്ക് ഇഷ്ടമുള്ളവരുടെ ഒപ്പം പോകാനാവുമെന്ന് പോലീസ് പറയുന്നു.

വര്‍ഷങ്ങളായി തോട്ടട സ്‌ക്കൂളിലെ അദ്ധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായിരുന്ന കന്യാസ്ത്രീ അദ്ധ്യാപകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും പ്രിയങ്കരിയായിരുന്നു. നാലുവര്‍ഷം മുന്‍പ് ഇവരുടെ പിതാവ് സുഖമില്ലാതെ കിടന്നപ്പോള്‍ പരിചരിക്കാനായെത്തിയ മെയില്‍ നഴ്‌സായിരുന്നു തോമസ്. ഇയാളുമായി കന്യാസ്ത്രീ അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് ഈ അടുപ്പം പ്രണയമായി, ഇതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഒരുമിച്ച് കഴിയാനായി തിരുവസ്ത്രം ഊരി കൊടുക്കാന്‍ കന്യാസ്ത്രീ തീരുമാനിച്ചു. എന്നാല്‍ തിരു വസ്ത്രം ഊരല്‍ എളുപ്പമല്ലെന്നും അതിന്റെ പേരില്‍ കൊടിയ പീഡനങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുമെന്നും മനസ്സിലായതോടെ ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു.