വയനാട്ടിലെ കടുവയെ ആവശ്യമെങ്കില്‍ കൊല്ലാനും ഉത്തരവ്, പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം

വയനാട്. വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ മയക്കുവെടിവെച്ചി പിടികൂടാനും ആവശ്യമെങ്കില്‍ കൊല്ലാനും ഉത്തരവ്. കടുവയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വലിയ പ്രതിഷേധമാണ് നടന്നത്. ആവശ്യം അംഗീകരിക്കുന്നത് വരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഉപവാസം നടത്തി.

ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ദേശീയ പാത ഉപരോധിക്കുന്നതിലേക്ക് സമരം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യമെങ്കില്‍ വെടിവയ്ക്കാമെന്ന ഉത്തരവ് പുറത്തിറക്കിയത്.

കടുവയെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കുംവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കടുവയെ മയക്കുവെടിവെച്ചു പിടികൂടിയാല്‍ പരുക്കില്ലെങ്കില്‍ ഉള്‍വനത്തിലേക്ക് തുറന്ന് വിടുകയാണ് വനംവകുപ്പിന്റെ നിലപാട്. ഉള്‍വനത്തിലേക്ക വിട്ടാലും കടുവ നാട്ടിലേക്ക് വീണ്ടും എത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.