രാഹുലിന്റെ ഓഫീസ് അക്രമം: പാർട്ടി അംഗങ്ങൾ ഉണ്ടെങ്കിൽ സംഘടനാ നടപടി – കോടിയേരി

 

തിരുവനന്തപുരം/ രാഹുൽ ഗാന്ധി എം പിയുടെ കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ പാർട്ടി അംഗങ്ങൾ ആരെങ്കിലും ഉണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്ന് കോടിയേരിയുടെ മുന്നറിയിപ്പ്. ഇത്തരത്തിൽ ഉണ്ടായ അക്രമ സംഭവം അത്യന്തം അപലപനീയമാണ്. എസ്എഫ്ഐയെ ഭീകരവാദ സംഘടനയെന്ന് മുദ്രകുത്തി തകർക്കാനല്ല ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഇത്തരമൊരു അക്രമം നടക്കാൻ പാടുളളതല്ല. സർക്കാരും വിഷയത്തെ അപലപ്പിക്കു കയും ഉചിതമായി ഇടപെടുകയും ചെയ്തു. സർക്കാരിന്റെ നടപടി മാതൃകാപരമാണ്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്നും കോടിയേരി വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിലൂടെ ജനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുകയെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സ്വർണ്ണക്കളളക്കടത്ത് വിഷയത്തിലെ പുതിയ ആരോപണങ്ങളോടും കോടിയേരി പ്രതികരിക്കുകയുണ്ടായി. സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് കോടിയേരി ആരോപിച്ചു.

പ്രതിപക്ഷത്തിന്റെ ഇത്തരം ആരോപണങ്ങൾക്കും നീക്കങ്ങൾക്കും എതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും. കേസിൽ ഓരോ ദിവസവും കഥകൾ മെനയുകയാണ് പ്രതിപക്ഷം. ഇടതു വിരുദ്ധ മുന്നണി രൂപീകരിക്കാനും നീക്കം നടക്കുന്നു. ന്യൂനപക്ഷങ്ങളെ തമ്മിൽ അടിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കോടിയേരി ആരോപിച്ചു.