‘വനിതാ കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണം’: വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി

കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും അധ്യക്ഷയായി ചുമതലയേറ്റശേഷം കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ പി.സതീദേവി വ്യക്തമാക്കി.

കമ്മിഷന് കിട്ടുന്ന പരാതി കൂടുതല്‍ തിരുവനന്തപുരത്തുനിന്നും കുറവ് വയനാട്ടില്‍നിന്നുമാണ്. പ്രണയം പോലും പുരുഷമേധാവിത്വ അക്രമോത്സുകമായി മാറുന്നുവെന്നാണ് സമീപകാല സംഭവം കാണിക്കുന്നത്. സ്ത്രീവിരുദ്ധത യുവാക്കളില്‍ അക്രമണോത്സുകമായി മാറുന്നു. സതിദേവി പറഞ്ഞു.

കേരളത്തില്‍ സ്ത്രീവിരുദ്ധ ചിന്താഗതി വളരുന്നു. മാധ്യമ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രശ്ന പരിഹാര സെല്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പി.സതീദേവി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സ്ത്രീപക്ഷ ചിന്താഗതിയും സമത്വവും സ്ത്രീ സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുന്ന മാര്‍ഗരേഖയുടെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സതീദേവി ചൂണ്ടിക്കാട്ടി. ഹരിത പ്രശ്നം 11 ന് നടക്കുന്ന വനിത കമ്മിഷന്‍ സിറ്റിങ്ങില്‍ പരിശോധിക്കും. പരാതിക്കാരെ കേട്ട ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും സതീദേവി അറിയിച്ചു.