സെക്‌സ് എജ്യുക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധം; വനിത കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം എന്ന്
കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സ്ത്രീധന പീഡനക്കേസുകളില്‍ കര്‍ക്കശമായ നിയമ നടപടി ഉണ്ടാകും. ഉത്ര കൊലപാതക കേസില്‍ അതിവേഗം നീതി നടപ്പായത് കേരളത്തിലായത് കൊണ്ടാണെന്നും സതീദേവി പറഞ്ഞു.

ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഉത്രക്കേസില്‍ കുറ്റവാളിക്ക് ശിക്ഷ വാങ്ങിക്കൊടുത്തതെന്നും അവര്‍ പറഞ്ഞു. നിലവിലുള്ള നിയമസംവിധാനങ്ങളെ ഭയപ്പാടില്ലാതെ സമീപിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ലിംഗനീതിയും സ്ത്രീ സുരക്ഷയും ഉറപ്പു വരുത്തി സ്ത്രീപക്ഷ കേരളം സൃഷ്ടിച്ചെടുക്കാനാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു. എല്ലാ ജില്ലകളിലും വനിതാ കമ്മീഷന്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ് നടത്തുന്നുണ്ട്.

അത് നിര്‍ബന്ധമാക്കണമെന്ന അഭിപ്രായമുണ്ട്. മലയാളിയുടെ സദാചാര ബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാല്‍ സെക്‌സ് എജുക്കേഷന്‍ എന്ന ആശയത്തെ പുതിയ തലമുറ സ്വാഗതം ചെയ്തു.