കശ്മീർ വിഷയം; നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് വിളിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആ​ഗ്രഹിക്കുന്നത്. എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കും. ഇന്ത്യയുമായി നല്ല ബന്ധമാണ് ആ​ഗ്രഹിക്കുന്നതെന്നും ദാരിദ്ര്യം ഇല്ലാതാക്കാനായി ഒരുമിച്ച് നിന്ന് പോരാടാമെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.

കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ച വേണമെന്ന് പാകിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ മാറ്റം കൊണ്ടുവരുമെന്നും ദേശീയ അസംബ്ലി പാകിസ്താനെ രക്ഷിച്ചെന്നും ഷഹബാസ് ഷെരീഫ് പ്രതികരിച്ചിരുന്നു.

പിഎംഎല്‍ (എന്‍) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താന്‍ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎല്‍(എന്‍) അധ്യക്ഷനുമാണ്.

ദേശീയ അസംബ്ലിയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയില്‍ ഇമ്രാന്‍ അനുകൂലികള്‍ പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോയിരുന്നു. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ മണിക്കൂറുകള്‍ നീണ്ട സഭാ നടപടികള്‍ക്കൊടുവിലാണ് ശനിയാഴ്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പ്രതിപക്ഷ സഖ്യം ഇമ്രാന്‍ ഖാനെ പുറത്താക്കിയത്. പാക് ചരിത്രത്തില്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാന്‍ ഖാന്‍ അധികാരമേറ്റത്.