പാനൂര്‍ വിഷ്ണു പ്രിയ വധക്കേസ്, പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

തലശ്ശേരി പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതിഭാഗം വാദം തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല മുമ്പാകെ ആരംഭിച്ചു. മുൻകൂട്ടി തീരുമാനിച്ചാണ് പ്രതിയും വിഷ്ണുപ്രിയയുടെ മുൻ സുഹൃത്തുമായ മാനന്തേരിയിലെ താഴെകളത്തിൽ എ. ശ്യാംജിത്ത് (25) കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

2023 സെപ്റ്റംബർ 21-നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് വിചാരണ തുടങ്ങി. 2022 ഒക്ടോബർ 22-ന് ഉച്ചയ്ക്കാണ് സംഭവം. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസിൽ 73 സാക്ഷികളാണുള്ളത്. പാനൂരിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ.

ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. സംഭവദിവസം രാവിലെ 10-നും 12-നുമിടയിലാണ് സംഭവമെന്നാണ് പോലീസ് നിഗമനം. 11.47-ന് ശേഷമാണെന്ന് ഫോൺ രേഖകളുടെയും പരിസരവാസികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തി.

11.47 വരെ വിഷ്ണുപ്രിയ സുഹൃത്ത് വിപിൻരാജുമായി സംസാരിച്ചിരുന്നു. സംസാരിക്കുമ്പോഴാണ് പ്രതി വീട്ടിലെത്തിയത്. ശ്യാമേട്ടൻ വന്നിട്ടുണ്ട് എന്നെ എന്തെങ്കിലും ചെയ്യുമെന്ന് വിഷ്ണുപ്രിയ സുഹൃത്തിനോട് പറഞ്ഞു. അതിനുശേഷം വിഷ്ണുപ്രിയയെ വിപിൻരാജ് വിളിച്ചെങ്കിലും കിട്ടിയില്ല. സംഭവത്തിന്റെ രണ്ടുദിവസം മുൻപ് ഇയാൾ കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈ യുറയും വാങ്ങി. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ കോടതിയിൽ ഹാജരാക്കി.