പാര്‍ലമെന്റ് ആക്രമണം, മുഖ്യസൂത്രധാരന്‍ ലളിത് ഝാ പിടിയിൽ

പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലെ നീമ്രാനയിലാണ് ഝായെ അവസാനമായി കണ്ടതെന്ന് ചിലര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ രാത്രിയോടെ ഇയാള്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാര്‍ലമെന്റിനു പുറത്ത് നീലവും അമോലും മഞ്ഞയും ചുവപ്പും സ്പ്രേ അടിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ലളിതായിരുന്നു. പിന്നീട് കൂട്ടാളികളുടെ ഫോണുകളുമായി ഓടിപ്പോയ ഇയാള്‍, ഒരു എന്‍.ജി.ഒ നേതാവിന് ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ദൃശ്യങ്ങള്‍ ഭദ്രമായി സൂക്ഷിക്കാനും സംഭവത്തിന് മാധ്യമശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് ഇയാളോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.

കൊല്‍ക്കത്ത സ്വദേശിയായ ലളിത് ഝാ അധ്യാപകനാണ്. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം ആസൂത്രണം ചെയ്തത്.