പേ വിഷബാധക്ക്​ മരുന്ന്​ ലഭിച്ചില്ല; തെരുവുനായ കടിച്ച്‌ ചികിത്സയിലായിരുന്ന പാസ്റ്റര്‍ മരിച്ചു

ഇടുക്കി: പേ വിഷബാധക്ക്​ മരുന്ന്​ ലഭിക്കാത്തതിനെ തുടര്‍ന്ന് തെരുവുനായ കടിച്ച്‌ ചികിത്സയിലായിരുന്ന പാസ്റ്റര്‍ മരിച്ചു. മാങ്കുളം പാമ്ബുങ്കയം അമ്ബലത്തുങ്കല്‍ എന്‍.എസ്. ദാസ് പാസ്റ്റര്‍ (74) ആണ് മരിച്ചത്. മാര്‍ച്ച്‌ 25ന്​ രാവിലെ ആറിന് രാവിലെ പ്രഭാത സവാരിക്കിടെ​ പാമ്ബുങ്കയം സിറ്റിയില്‍ വെച്ചാണ് തെരുവുനായ കടിച്ചത്. തെരുവ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സക്ക് ശേഷം നായ കടിച്ചാല്‍ എടുക്കുന്ന ഇന്‍ഞ്ചക്ഷന്‍ ഇവിടെ ഇല്ലാത്തതിനാല്‍ ഇടുക്കി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തി. ഇവിടെയും മരുന്ന് ലഭിച്ചില്ല. പിന്നീട് പെരുമ്ബാവൂരുള്ള മകന്‍റെ അടുത്ത് എത്തി. വെള്ളിയാഴ്ച ഇവിടനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തി പേ വിഷ ബാധക്കെതിരെയുള്ള ഇന്‍ഞ്ചഷന്‍ എടുത്ത് പെരുമ്ബാവൂരിലെ മകന്‍റെ വീട്ടില്‍ തന്നെ തിരിച്ചെത്തി.

വൈകീട്ട്​ വയറിന് വേദന തുടങ്ങി. ഉടന്‍ പെരുമ്ബാവൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സക്കിടെ ദുഃഖ വെള്ളിയാഴ്ച രാവിലെ എട്ട്​ മണിയോടെ മരിക്കുകയായിരുന്നു. ഇവിടെ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. ഇതോടെ കളമശ്ശേരിയില്‍ സംസ്‌കരിക്കുകയും ചെയ്തു.