കൊടും ചൂടില്‍ നിന്നും രക്ഷ വേണം, മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥന ഒരുക്കി പത്തനംതിട്ട സലഫി മസ്ജിദ്

സംസ്ഥാനം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ മഴപെയ്യിക്കാനായി പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു പ്രാർത്ഥന ചടങ്ങ്. പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്. സമൂഹത്തിനാകെ ആശ്വാസമേകി മഴ പെയ്യട്ടെ എന്ന ആഗ്രഹത്തോടെയാണ് ഒത്തൊരുമിച്ചുള്ള പ്രാര്‍ത്ഥനയെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.

വിശ്വാസി സമൂഹം പള്ളി മുറ്റത്താണ് പ്രാര്‍ത്ഥനക്കായി ഒത്തുകൂടിയത്. രൂക്ഷമായ ചൂടും വരള്‍ച്ചയും മാറാനാണ് മഴയുടെ ഉടമസ്ഥനായ ദൈവത്തോട് പ്രാര്‍ത്ഥിച്ചതെന്ന് റഷീദ് മൌലവി പറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ എല്ലാ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പ്രയോജനം ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചുണ്ടെങ്കിലും അതൊന്നും കൊടുംചൂടില്‍ നിന്നും ആശ്വാസമേകിയില്ല. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴ പെയ്യും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.