എനിക്കും ഇതുപോലൊരു അമ്മയായാല്‍ മതി, മമ്മിക്ക് പിറന്നാള്‍ ആശംസകളുമായി പേളി

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും ഒക്കെയണ് പേളി മാണി. ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. തനിക്ക് തന്റെ അമ്മയെ പോലെ ഒരു അമ്മയാകണം എന്നാണ് പേളി പറയുന്നത്. പേളിയുടെ അമ്മ മോളി മാണിയുടെ ജന്മദിനമാണ് ഇന്ന്. അമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പേളി പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

‘എന്റെ ഏറ്റവും വലിയ, മികച്ച അധ്യാപികയ്ക്ക് ജന്മദിനാശംസകള്‍. ചെറുതാകമ്പോള്‍ ഞാനെപ്പോഴും ഡാഡിയുടെ കുഞ്ഞായിരുന്നു. കാരണം എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഡാഡി എപ്പോഴും യെസ് പറയുമായിരുന്നു. മമ്മി കുറച്ച് കര്‍ക്കശക്കാരിയുമായിരുന്നു. എന്നാല്‍ പ്രായമാകും തോറും ഞാന്‍ മമ്മിയുടെ കുട്ടിയാകാന്‍ തുടങ്ങി. മമ്മിയോട് എന്തും പറയാമെന്നും മമ്മി എന്നെ ജഡ്ജ് ചെയ്യില്ലെന്നും എനിക്കറിയാം. ഇപ്പോള്‍ ഞങ്ങള്‍ ഒരു ടീമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും വലിയ ശക്തിയും മമ്മിയാണ്.

ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും കരുത്തയും എന്നാല്‍ ഏറ്റവും നിശബ്ദയും മമ്മി തന്നെ. എന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെങ്കിലും ഒരിക്കലും കൊഞ്ചിച്ചിട്ടില്ല. എന്നെ സ്വതന്ത്രയാക്കി. എന്നാല്‍ മമ്മിയുടെ കാര്യത്തിലേക്ക് വരുമ്‌ബോള്‍ എന്റെ ഏറ്റവും വലിയ വീക്ക്‌നെസ്സും മമ്മി തന്നെ. എന്റെ മമ്മി എന്റെ ലോകം. ഞാനിത് പറയുമ്‌ബോള്‍ റേച്ചലും ഇക്കാര്യം സമ്മതിക്കുമെന്ന് എനിക്കറിയാം.. ‘എന്റെ മക്കള്‍ക്ക് എന്റെ അമ്മയെ പോലെ ഒരമ്മയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അമ്മയാണ് എന്റെ മമ്മി’,’ പേളി കുറിച്ചു.

അടുത്തിടെ കുഞ്ഞുവാവ വരുന്ന ദിവസം പേളിയും ഭര്‍ത്താവ് ശ്രീനിഷും ചേര്‍ന്ന് വെളിപ്പെടുത്തിയിരുന്നു. ‘ഇപ്പോള്‍ 36 ആഴ്ച കഴിയാറായി, അതായത് 9 മാസം. മാര്‍ച്ച് 23 നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്ന തീയതി,’ പേളി പറഞ്ഞു. കുഞ്ഞിന് എന്ത് പേരിടുമെന്ന ചോദ്യത്തിന് ഓരോ വര്‍ഷവും ഓരോ പേരായിരിക്കുമെന്ന് തമാശരൂപേണ പേളി പറഞ്ഞു. മനസില്‍ കുറേ പേരുകള്‍ വരുന്നുണ്ടെന്നും താന്‍ കണ്‍ഫ്യൂഷനിലാണെന്നും പേളി പറഞ്ഞിരുന്നു.