കൊറോണ വാക്‌സിൻ: 58.5 ശതമാനവുമായി രജിസ്‌ട്രേഷനിൽ പുരുഷൻമാർ മുൻപിൽ; സ്ത്രീകൾ 41 ശതമാനം

രാജ്യത്ത് ചൊവ്വാഴ്ച വരെ കൊറോണ വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തത് 2.6 കോടി ആളുകൾ. രജിസ്റ്റർ ചെയ്തവരിൽ 58.5 ശതമാനവും പുരുഷൻമാരാണ്. 41 ശതമാനത്തിലധികം മാത്രമാണ് സ്ത്രീകളുടെ എണ്ണം. മറ്റ് വിഭാഗങ്ങളിൽ പെടുന്ന 3775 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്തതിൽ 75 ശതമാനത്തോളം പേരും ആരോഗ്യസേതു ആപ്പ് വഴിയും കൊവീൻ ആപ്പ് വഴിയുമാണ് രജിസ്റ്റർ ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണി വരെയുളള കണക്കിൽ 2.4 കോടി ആളുകൾ വാക്‌സിൻ ഡോസുകൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 82 ശതമാനവും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻ നിര പോരാളികളും 60 വയസിന് മുകളിൽ ഉളളവരും 45 മുതൽ 60 വയസു വരെയുളള മറ്റ് രോഗങ്ങൾ ഉളളവരുമാണ്.

നിലവിൽ വാക്‌സിനേഷന്റെ 18 ശതമാനം മാത്രമാണ് സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത്. പ്രതിദിനം സ്വകാര്യ ആശുപത്രികൾ വഴി 6.5 ലക്ഷം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യാനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. സർക്കാർ ആശുപത്രികൾ വഴി ദിവസവും 29.5 ലക്ഷം ഡോസുകളും മന്ത്രാലയം കണക്കുകൂട്ടുന്നു. അങ്ങിനെ ദിനംപ്രതി 36 ലക്ഷം പേർക്ക് വാക്‌സിനേഷൻ നൽകാനാണ് സർക്കാർ ലക്ഷ്യം. നിലവിൽ ഇതിന്റെ അറുപത് ശതമാനം മാത്രമാണ് നടക്കുന്നത്. കൂടുതൽ ഇടങ്ങൾ വാക്‌സിൻ കേന്ദ്രങ്ങളായി മാറുന്നതോടെ ഇത് ഉയർത്താനാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.