റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടിവരരുത്- ഹൈക്കോടതി

കൊച്ചി. സംസ്ഥാനത്തെ റോഡുകളിലൂടെ യാത്ര ചെയ്യുന്ന വരെ തിരിച്ച് ശവപ്പെട്ടിയില്‍ കൊണ്ടുപോകേണ്ട അവസ്ഥവരരുതെന്ന് ഹൈക്കോടതി. ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കേരളത്തിലെ റോഡുകളില്‍ യാത്രക്കാര്‍ നടത്തുന്നത് ഒരു ഭാഗ്യപരക്ഷണമാണെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരണം നടന്ന് വരുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

റോഡിന്റെ ചുമതലയുള്ള സൂപ്രണ്ടിങ് എന്‍ജിനീയര്‍ അടക്കം മൂന്ന് എന്‍ജിനീയര്‍മാര്‍ ഹൈക്കോടതിയില്‍ ഹാജരായി. മഴ തുടങ്ങിയ ശേഷമാണ് റോഡുകള്‍ തകര്‍ന്ന് തുടങ്ങിയതെന്ന് സൂപ്രണ്ട് എന്‍ജിനീയര്‍ കോടതിയെ അറിയിച്ചു. റോഡില്‍ കുഴികള്‍ രൂപപ്പെട്ട് തുടങ്ങിയപ്പോള്‍ തന്നെ ചീഫ് എന്‍ജിനിയറെ വിവരം രേഖമൂലം അറിയിച്ചിരുന്നു. റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയ റോഡ് ആയതിനാലാണ് ഇത്തരത്തില്‍ അറിയിച്ചത്. ഇതേപോലെ തന്നെ ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികളുടെ കാര്യവും ചിഫ് എന്‍ജിനീയറെ അറിയിച്ചിരുന്നുവെന്ന് മറ്റ് എന്‍ജിനീയര്‍മാരും കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. കുഞ്ഞുമുഹമ്മദിന്റെ മരണം ഒഴിവാക്കാവുന്നതായിരുന്നുവെന്നും. സംസ്ഥാനത്തെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ ഭാഗ്യം കൊണ്ടാണ് വീട്ടില്‍ തിരിച്ചെത്തുന്നത്. വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങുന്നവര്‍ ശവപ്പെട്ടിയില്‍ തിരികെ പോകാതിരിക്കുന്നതിനുള്ള നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. ഇത്തരത്തില്‍ വളരെ ദയനീമാണ് കേരളത്തിലെ റോഡുകള്‍. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. അതേസമയം ധനസ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടിയെ അറിയിച്ചു.