PFI കേരളത്തിൽ മറ്റൊരു പേരിൽ തലപൊക്കാനൊരുക്കം

തിരുവനന്തപുരം . രാജ്യം നിരോധിച്ച പോപ്പുലര്‍ഫ്രണ്ടിനെ വീണ്ടും മറ്റൊരു പേരിൽ പുനരുജ്ജീവിപ്പിക്കാന്‍ കേരളത്തിൽ നീക്കം നടക്കുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിടുകയാണ് ഇന്റലിജൻസ് ബ്യൂറോ.രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ തീവ്രവാദി സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത്‌ നിരോധിച്ചതിനു പിന്നാലെയാണ് വീണ്ടും കേരളത്തിൽ മറ്റൊരു പേരില്‍ പോപ്പുലര്‍ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ നീക്കം നടത്തുന്നു എന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകുന്നത്.

നേരത്തെ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാത്തവരെയും മുന്‍ നിരയിലേക്ക് എത്താത്തവരെയും മുന്നില്‍ നിര്‍ത്തിയാണ് ഇപ്പോൾ പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളില്‍ ഇതിന്റെ ഭാഗമായി രഹസ്യയോഗങ്ങള്‍ നടക്കുന്നതായും ഐബി കണ്ടെത്തി. ആലുവ കുഞ്ഞുണ്ണിക്കരയിലും പരിസരങ്ങളിലും പിഎഫ്ഐയുടെ മുന്‍ പ്രവര്‍ത്തകര്‍ രഹസ്യ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതായി ഐബി കണ്ടെത്തി. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ശക്തി കേന്ദ്രങ്ങളില്‍ യോഗം സംഘടിപ്പിച്ചു. സംസ്ഥാന നേതാക്കളില്‍ പലരും അറസ്റ്റിലായതോടെ രണ്ടാംനിര നേതാക്കളെ മുന്‍ നിര്‍ത്തിയാണ് രഹസ്യ യോഗങ്ങള്‍. മറ്റു സംഘടനകളില്‍ ചേക്കേറി പ്രവര്‍ത്തിക്കാനോ മറ്റൊരു സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാനോ ആണ് പോപ്പുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് ആലുവ കുഞ്ഞുണ്ണിക്കരയിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യപ്രവർത്തനം ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം നേരിട്ടിരുന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കുഞ്ഞുണ്ണിക്കര ജുമാ മസ്ജിദിൽ പളളിക്കമ്മിറ്റിയെ ഉൾപ്പെടെ മറയാക്കി നടത്തുന്ന രഹസ്യയോഗങ്ങളും സംഘടിത പ്രവർത്തനങ്ങളും ചോദ്യം ചെയ്തതിനാണ് മൂന്ന് യുവാക്കളെ പളളിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായിരുന്ന ചിലരുടെ പിടിയിലാണ് പളളിക്കമ്മിറ്റി. ഇതിന്റെ മറവിലാണ് പളളിയിൽ വെച്ച് യുവാക്കളെ കായികമായി നേരിട്ടത്. സമീപത്തെ ഒരു ഗ്രൗണ്ടിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് യുവാക്കളുമായി തർക്കം നിലനിന്നിരുന്നു. ഈ വിഷയത്തിൽ യുവാക്കൾ പളളിക്കമ്മിറ്റിക്ക് പരാതി കൊടുത്തിരുന്നു. ഇതിന്റെ പേരിൽ ചർച്ചയ്ക്ക് വിളിച്ചായിരുന്നു മർദ്ദനം നടക്കുന്നത്.

വിളിച്ചപ്പോൾ കൂടെ പോയ യുവാക്കൾ പള്ളി പരിസരത്ത് ഇരുന്നതിന്റെ പേരിൽ, പളളിയുടെ പരിസരത്ത് ഇരിക്കാൻ പാടില്ലെന്നും പളളി വാപ്പാന്റെ വകയാണെന്നും കമ്മിറ്റിക്കാരിൽ ഒരാൾ പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനം. പളളിയുടെ ഗേറ്റ് വരെ നൂറുമീറ്ററോളം യുവാക്കളെ തല്ലിച്ചതച്ചു. അടിവയറിനുൾപ്പെടെ ക്രൂരമർദ്ദനമേറ്റവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹർത്താൽ അക്രമത്തിന്റെ പേരിൽ സ്വത്തുക്കൾ ജപ്തി ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അഭിമന്യു വധക്കേസിലെ പ്രതിയും അക്രമികളിൽ ഉണ്ടായിരുന്നുവെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. പ്രദേശത്തെ യുവാക്കൾ പോപ്പുലർ ഫ്രണ്ടിനെ അംഗീകരിക്കാത്തതും ഇവർക്കൊപ്പം ചേരാത്തതുമാണ് അക്രമികളെ പ്രകോപിപ്പിച്ചത്. വിധ്വംസക പ്രവർത്തനങ്ങൾക്കായി നേരത്തെ മുതൽ പോപ്പുലർ ഫ്രണ്ട് താവളമാക്കിയിരുന്ന സ്ഥലമാണ് കുഞ്ഞുണ്ണിക്കര.

രാജ്യവ്യാപക നിരോധനത്തിന് ശേഷം ഇവിടെ പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രമായിരുന്ന പെരിയാർവാലി ക്യാമ്പസ് ഉൾപ്പെടെ പോലീസ് പൂട്ടി മുദ്രവെച്ചിരുന്നു. പളളിക്കമ്മിറ്റികൾക്ക് പുറമേ വീടുകളിലും ഭാരവാഹികൾ ഇപ്പോഴും രഹസ്യയോഗം ചേരുന്നുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് പല രീതിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘടിക്കുകയും രഹസ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കുഞ്ഞുണ്ണിക്കരയിലെ സംഭവം. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ യുവാക്കളെ മർദ്ദിച്ച പളളികമ്മറ്റി ഭാരവാഹികളായ ഹാരിസ് മണ്ണാറക്കാട്, ലത്തീഫ് കരിമ്പയിൽ, ജബ്ബാർ മൈലക്കര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.