രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് മുസ്ലിം ലീഗിന്റെ സമ്മര്‍ദം കാരണം, പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് മുസ്ലിം ലീഗിന്റെ സമ്മര്‍ദം കാരണമെന്ന്ബിജെപി നേതാവ് പികെ കൃഷ്ണദാസ്. രാമരാജ്യ സങ്കല്പം ആദ്യമായി മുന്നോട്ട് വച്ചത് ഗാന്ധിജിയാണ്. ​ഗാന്ധിയൻ സങ്കല്പങ്ങളെ കോൺഗ്രസ് കൊന്നു കുഴിച്ച് മൂടി. കേരളത്തിൻ്റെ യഥാർത്ഥ മനസ്സ് സിപിഐഎമ്മിനും കോൺഗ്രസിനും ഒപ്പമല്ല. അയോധ്യയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കണം എന്ന് എൻഎസ്എസും എസ്എൻഡിപിയും പറഞ്ഞു. ഇതൊന്നും കോൺഗ്രസ് കാണുന്നില്ല.

മതവിദ്വേഷം കുത്തിയിളക്കി തമ്മിൽ തല്ലിപ്പിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നു. ഇതൊരു വിവാദമാക്കേണ്ട കാര്യമില്ല. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും സമവായത്തിലൂടെയാണ് വിധി വന്നത്. അതുപ്രകാരം രണ്ടു കൂട്ടരും ആരാധനാലയങ്ങൾ പടുത്തുയർത്തുന്നു. ചടങ്ങിൽ പങ്കെടുക്കണം എന്നാണ് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ താത്പര്യം. ഭീകര സംഘടനകളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇടത് സംഘടനകളും ചടങ്ങ് ബഹിഷ്കരിച്ചത്.

മുസ്ലിം ലീഗിൻ്റെ നിലപാട് കേരളീയ സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. ഇന്ന് ഗാന്ധിജി ജീവിച്ചിരുന്നു എങ്കിൽ കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ വിഷയം കോൺഗ്രസിൽ പുകയുകയാണ്. ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതിൽ കോൺഗ്രസ് പ്രതിരോധത്തിലാണ്. വിഷയത്തിൽ പരസ്യം പ്രതികരണം ഒഴിവാക്കണമെന്നാണ് ഹൈക്കമാൻഡ് പിസിസികൾക്ക് നൽകിയ നിർദ്ദേശം.

വിഷയത്തിൽ കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ശ്രീരാമനെ വിശ്വാസമില്ലാത്തവരാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വിമർശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രത്തിൽ പോകുന്നത് ജനം ഓർക്കുമെന്നും മീനാക്ഷി ലേഖി പറഞ്ഞു.