പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ കാമുകന്മാര്‍ക്കൊപ്പം പോയി, പോലീസ് പൊക്കിയതോടെ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞതിങ്ങനെയും

തിരുവല്ല: പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ട കാമുകന്മാര്‍ക്ക് ഒപ്പം പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ഒളിച്ചോടി. സ്‌കൂള്‍ അധികൃതര്‍ പരാതിയുമായി രംഗത്ത് എത്തിയതോടെ പോലീസ് കുട്ടികളെ കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 18ഉം 17ഉം വയസുള്ള പെണ്‍കുട്ടികളാണ് ഒളിച്ചോടിയത്. ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞു വിട്ടു.

തിരുമൂലപുരത്തെ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന കുറ്റൂര്‍, റാന്നി സ്വദേശിനികളാണ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കാമുകന്മാര്‍ക്കൊപ്പം പോയത്. നെടുമങ്ങാട് സ്വദേശി മുനീര്‍, കുറ്റിപ്പുറം സ്വജേശി വിഷ്ണു എന്നിവരാണ് കുട്ടികള്‍ക്ക് ഒപ്പം സ്ഥലം വിട്ടത്. മുനീറിനൊപ്പം പോയ പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നു. വിഷ്ണുവിനൊപ്പം പോയ കുട്ടിക്ക് 17 വയസാണ് പ്രായം. കാമുകനോട് തനിക്ക് 18 വയസ് തികഞ്ഞു എന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ നാടുവിടാന്‍ തയാറായതെന്ന് പെണ്‍കുട്ടി തന്നെ കോടതിയില്‍ മൊഴി നല്‍കി.

ശനിയാഴ്ചയാണ് പെണ്‍കുട്ടികള്‍ കാമുകന്മാര്‍ക്കൊപ്പം മുങ്ങിയത്. കാമുകന്മാര്‍ക്കൊപ്പം അവരുടെ വീട്ടിലേക്ക് ആണ് പെണ്‍കുട്ടികള്‍ പോയത്. അവിടെ ചെന്നിറങ്ങിയതിന് തൊട്ടു പിന്നാലെ അതാത് സ്ഥലങ്ങളിലെ പോലിസുകാര്‍ ചെന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഞായറാഴ്ച തിരുവല്ലയില്‍ എത്തിച്ച കമിതാക്കളെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ കോടതിയില്‍ ഹാജരാക്കി.

സംഭവം സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പതിനെട്ടു വയസു തികഞ്ഞുവെന്ന് കാമുകനെ തെറ്റിദ്ധരിപ്പിച്ചെന്നും അതു കൊണ്ടാണ് തന്നെ അയാള്‍ കൊണ്ടു പോയതെന്നുമായിരുന്നു വിഷ്ണുവിനൊപ്പം പോയ കുട്ടിയുടെ മൊഴി. പീഡനം നടക്കാത്തതിനാലും ഒരാള്‍ക്ക് 18 തികഞ്ഞതിനാലും പൊലീസ് കേസെടുത്തിട്ടില്ല.