കല്യാണി ചത്തത് വിഷം ഉള്ളില്‍ ചെന്ന്, മൂന്ന് പോലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം : പ്രമാദമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കല്യാണി എന്ന പൊലീസ് നായയുടെ മരണത്തിൽ ദുരൂഹത. നായ ചത്തത് വിഷം ഉള്ളിൽച്ചെന്നാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ വെളിപ്പെടുത്തിയതോടെയാണ് ദുരൂഹതയേറിയത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൂന്തുറ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഇതിനെ തുടർന്ന്, മൂന്ന് പോലീസുകാർക്കെതിരെ നടപടിയെടുത്തു. പൂന്തുറ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പൂന്തുറ ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പോലീസുകാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണറാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.

നവംബർ 20 നായിരുന്നു തിരുവനന്തപുരം സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്ന കല്യാണി ചത്തത്. എട്ടു വയസായിരുന്നു കല്യാണിയുടെ പ്രായം. ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള നായയായിരുന്നു കല്യാണി. വയര്‍ അസാധാരണമായി വീര്‍ത്തായിരുന്നു നായ ചത്തത്.