കോവിഡ് വാക്‌സിന്‍ നശിപ്പിച്ചു; ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

കോവിഡ് വാക്‌സിന്‍ നശിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തെ അഡ്വക്കേറ്റ് അറോറ ഹെല്‍ത്ത് കെയര്‍ ഗ്രാഫ്റ്റണ്‍ സെന്ററിലെ ഫാര്‍മസിസ്റ്റാണ് അറസ്റ്റിലായത്. ഫ്രിഡ്ജിലിരുന്ന മരുന്ന് നശിപ്പിക്കാന്‍ മനപ്പൂര്‍വം പുറത്തെടുത്ത് വയ്ക്കുകയായിരുന്നു. 570 പേര്‍ക്ക് നല്‍കാനാകുമായിരുന്ന മോഡേണ വാക്‌സിന്റെ 57 കുപ്പിയാണ് ഇയാള്‍ പുറത്തെടുത്തുവെച്ച് നശിപ്പിച്ചത്.

മനപ്പൂര്‍വ്വം വാക്‌സിന്‍ നശിപ്പിക്കാന്‍ വേണ്ടിത്തന്നെയാണ് താനിത് ചെയ്തതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് സമ്മതിച്ചു. പെട്ടന്ന് നശിച്ചുപോകാനായി ഫ്രിഡ്ജിലിരുന്ന മരുന്നു കുപ്പികളെടുത്ത് പുറത്തു വെക്കുകയായിരുന്നു. ഇയാള്‍ പുറത്തെടുത്തു വെച്ച മരുന്ന് ഏറെക്കുറെ പൂര്‍ണ്ണമായും നശിച്ചുപോയിരുന്നു. 570 പേര്‍ക്ക് നല്‍കാനാകുമായിരുന്ന വാക്‌സിന്റെ 57 ഡോസുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിഞ്ഞത്. ബാക്കി മരുന്നുകള്‍ നശിപ്പിക്കേണ്ടി വന്നു.

ഫ്രിഡ്ജില്‍നിന്ന് പുറത്തെടുത്താല്‍ വാക്‌സിന്‍ 12 മണിക്കൂര്‍വരെ ഉപയോഗിക്കാം. പുറത്തുവച്ചതില്‍ 57 ഡോസ് മാത്രമാണ് ഉപയോഗിക്കാനായത്. ബാക്കി നശിപ്പിക്കേണ്ടി വന്നു. ഡിസംബര്‍ 24ന് രാത്രി പുറത്തെടുത്ത മരുന്ന് പിറ്റേന്ന് രാവിലെ തിരിച്ചുവയ്ക്കുകയും പിന്നീട് വീണ്ടും പുറത്തെടുത്ത് വയ്ക്കുകയും ചെയ്‌തെന്ന് ഫാര്‍മസിസ്റ്റ് സമ്മതിച്ചിട്ടുണ്ട്. ഫാര്‍മസിസ്റ്റിനെ പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.