കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു; പോലീസ് സ്വമേധയാ കേസെടുക്കും

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു. ഷോപ്പിംഗ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസ് നടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞത്. ഷോപ്പിംഗ് മാളില്‍ അപമാനിക്കപ്പെട്ടതായി വ്യക്തമാക്കി യുവനടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെത്തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് കളമശ്ശേരി പോലീസ് വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കും. കളമശ്ശേരി പൊലീസെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് രണ്ട് പേരെയും തിരിച്ചറിഞ്ഞത്. നടിയുമായി പൊലീസ് സ0സാരിച്ചു. നടി തയ്യാറെങ്കില്‍ ഇന്ന് തന്നെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് കൊച്ചിയിലെ മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം യുവാക്കള്‍ പിന്തുടര്‍ന്നുവെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും നടി കുറിച്ചിരുന്നു.

യുവനടിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഷോപ്പിംഗ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ആരോപണ വിധേയരായ യുവാക്കളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും കളമശ്ശേരി പോലീസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് മാളിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ദൃശ്യങ്ങളില്‍ യുവാക്കളെ വ്യക്തമായി മനസ്സിലായിട്ടുണ്ട്.

നടിയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റ്:

ഷോപ്പിംഗ് മാളിലെ തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം. തിരക്കിനിടയിലൂടെ വന്ന യുവാക്കള്‍ ശരീര ഭാഗത്ത് സ്പര്‍ശിച്ചു. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എനിക്ക് പെട്ടെന്ന് പ്രതികരിക്കാനായില്ല. എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു.

എന്നാല്‍ ഊഹിക്കാന്‍ പോലുമാകാത്ത ഒരു കാര്യം നടന്നതിന്റെ ഞെട്ടലിലായിരുന്നു ഞാന്‍. അവര്‍ക്കരികിലേക്ക് ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. അവര്‍ക്ക് കാര്യം മനസിലായെന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നീട് സാധനങ്ങള്‍ വാങ്ങിയതിന്റെ പണം അടയ്ക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്തും അവര്‍ പിന്തുടര്‍ന്നെത്തി സംസാരിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ അവരോട് സ്വന്തം കാര്യം നോക്കി പോകാന്‍ പറഞ്ഞു. ഈ സമയത്താണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അതോടെ അവര്‍ അവിടെ നിന്ന് പോയി. ഈ കുറിപ്പ് എഴുതുമ്പോഴും അവരോട് ഒന്നും പറയാന്‍ പറ്റാതെ പോയതില്‍ വിഷമിക്കുന്നു.

‘സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാന്‍ പറ്റിയില്ല. നേരിട്ട അനുഭവത്തിന്റെ ആഘാതത്തില്‍ മനസ് ശൂന്യമായിപ്പോയി. ഇപ്പോള്‍ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകള്‍ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ തളര്‍ത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും തന്നെ മോശം കണ്ണുമായി സമീപിച്ചു. മോശം പെരുമാറ്റത്തിന് ശേഷം അവര്‍ സാധാരണ പോലെ നടന്നുപോയി.

ഇനിയും അവര്‍ ഇത്തരത്തില്‍ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോള്‍ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകള്‍ക്ക് എന്നേക്കാള്‍ ധൈര്യമുണ്ടാകട്ടെ.’ നടി സോഷ്യല്‍ മീഡിയില്‍ കുറിച്ചു.