പത്തനംതിട്ടയിൽ പൊലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ച് അപകടം, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്‌ക്കും ഡ്രൈവർക്കും ഗുരുതര പരിക്ക്

പത്തനംതിട്ട : അടൂർ നെല്ലിമുകളിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്‌ക്കും ഡ്രൈവറിനും ഗുരുതര പരിക്ക്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം. ജോസിനും ഡ്രൈവർ നൗഷാദിനുമാണ് ഗുരുതര പരിക്കേറ്റത്. പൊലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം.

ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം സംഭവിച്ചത്. കടമ്പനാട്ട് ഭാഗത്തേക്ക് പോയിരുന്ന ട്രാവലർ, പൊലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നു. ട്രാവലറിലുണ്ടായിരുന്ന ആളുകൾക്കും ചെറിയ പരിക്കുകളുണ്ട്.

മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ട്രാവലർ, പൊലീസ് ജീപ്പിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.