വീട്ടിൽ അതിക്രമിച്ചു കയറി പോലീസ് ഉദ്യോഗസ്ഥൻ, നടുറോഡിലിട്ട് കൈകാര്യം ചെയ്ത് ജനം

തിരുവനന്തപുരം : വീട്ടിൽ അതിക്രമിച്ചു കയറിയ പോലീസ് ഉദ്യോഗസ്ഥനെ നടുറോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലായിരുന്നു സംഭവം. ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ. ബിജുവിനാണ് മർദനമേറ്റത്. വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാരാണ് കൈയ്യേറ്റം ചെയ്തത്.

വെള്ളിയാഴ്ച്ച രാവിലെ 8.30-ഓടെ ബിജു ബേക്കറി ജംങ്ഷന് സമീപത്തുള്ള ഒരു വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തങ്ങൾക്ക് പരിചയമില്ലാത്ത വ്യക്തി വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നതു കണ്ട് വീട്ടുകാർ ബഹളം ഉണ്ടാക്കി. ഇതോടെ തൊട്ടടുത്തുണ്ടായിരുന്ന സി.ഐ.ടി.യു. തൊഴിലാളികൾ ബഹളം കേട്ട് സ്ഥലത്തെത്തി. ഉടൻ തന്നെ നാട്ടുകാരും ചുമട്ടു തൊഴിലാളികളും ചേർന്ന് ഇയാളെ പുറത്തിറക്കി.

പിന്നാലെ മർദിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് പ്രതികരിച്ചു. പോലീസുകാരനെ മർദിച്ചതിനും കേസെടുക്കുമെന്നാണ് വിവരം. നേരത്തെ തന്നെ ബിജുവിനുനേരെ നിരവധി പരാതികൾ ഉണ്ടായിരുന്നു. ജോലിക്ക് ഹാജരാകാതെ കൃത്യവിലോപം നടത്തുന്ന പോലീസുകാരനാണെന്നാണ് വിവരം.