അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ, സുകുമാരൻ വേർപിരിഞ്ഞിട്ട് 26 വർഷം കുറിപ്പുമായി മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

സുകുമാരൻ വേർപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 26 വർഷങ്ങളാവുകയാണ്. പ്രിയ ഭർത്താവിനെ ഓർമിച്ച്‌ വൈകാരികമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് മല്ലിക. ഞങ്ങൾക്കൊപ്പം എന്നും ഉണ്ടാകും എന്റെ ഹീറോ. ജീവിതം ചിലപ്പോൾ അങ്ങനെയാണ്, സന്തോഷം എന്തെന്ന് അറിയാൻ സങ്കടത്തിലാകണം. നിശബ്ദതയെ അറിയണമെങ്കിൽ ശബ്ദം ഉണ്ടാകണം. അതുപോലെ തന്നെയാണ് ഒരാളുടെ സാന്നിധ്യത്തിന്റെ വിലയറിയണമെങ്കിൽ അയാൾ ഇല്ലാതാകണം. ഇദ്ദേഹത്തിന്റെ നിശബ്ദമായ സാന്നിധ്യം എന്നെയും എന്റെ മക്കളെയും സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ടു പോകാൻ സഹായിക്കട്ടെ. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.

1997 ജൂൺ 16 നാണ് സുകുമാരൻ വിടപറഞ്ഞത്. പ്രിയപ്പെട്ടവരോട് യാത്രപറഞ്ഞ് സുകുമാരൻ പോയത് നാൽപ്പത്തൊമ്ബത് വയസ്സിലാണ്. അന്നത്തെ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും ഇന്നത്തെ സൂപ്പർതാരങ്ങളാക്കിയത് മല്ലിക എന്ന അമ്മയുടെ കരുത്താണ്. തന്റെ അഭിമുഖങ്ങളിലെല്ലാം മല്ലിക, സുകുമാരനെ കുറിച്ച്‌ വാചാലയാകാറുണ്ട്.