വഞ്ചനാകേസില്‍ പ്രതിയായ പോലീസുകാരൻ AR ക്യാമ്പില്‍ മരിച്ചനിലയില്‍

പത്തനംതിട്ട: വാഹനം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കോന്നി സ്‌റ്റേഷനിലെ സി.പി.ഒ. കൊക്കാത്തോട് സ്വദേശി ബിനുകുമാറിനെയാണ് പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നി അങ്ങാടി സ്വദേശിനിയുടെ വാഹനം പണയപ്പെടുത്തി 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയാണ് മരിച്ച പോലീസുകാരൻ.

മൂന്നാഴ്ചയായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ബിനുകുമാർ . കേസിൽ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. റാന്നി സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന കാലത്താണ് അങ്ങാടി സ്വദേശിനിയുമായി ബിനുകുമാര്‍ പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇയാള്‍ ഇടനിലക്കാരനായി സ്ത്രീക്ക് വാഹനം വാങ്ങിനല്‍കി. എന്നാല്‍ ഈ വാഹനം ഉപയോഗിച്ചിരുന്നത് ബിനുകുമാറായിരുന്നു.

പിന്നീട് ഈ വാഹനം ഉടമ അറിയാതെ പണയംവെച്ച് 13 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. ഇതേ തുടർന്ന് ബിനുകുമാറിനെതിരേ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നും സൂചനയുണ്ടായിരുന്നു. മൃതദേഹം പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.