വാഹന പരിശോധനയ്ക്കിടെ പോലീസ് തടഞ്ഞുവച്ച് ജോലി തടസ്സപ്പെടുത്തി; പരാതിയുമായി ഡെലിവറി ബോയി

കോട്ടയം. വാഹന പരിശോധനയ്ക്കിടെ രേഖകളില്ലെന്ന കാരണത്താൽ ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിനെ പോലീസ് തടഞ്ഞുവച്ച് ജോലി തടസ്സപ്പെടുത്തിയെന്ന് പരാതി. യുവാവിൻറെ ഫോൺ വാങ്ങി വച്ച പോലീസ് ഭക്ഷണ വിതരണത്തിനായി മറ്റുള്ളവരുടെ സഹായം തേടാനും സമ്മതിച്ചില്ലെന്നാണ് ആരോപണം.

സമയത്ത് ഭക്ഷണം എത്തിക്കാൻ കഴിയാത്തതിനാൽ ഉപജീവനമാർഗത്തിന് തടസമുണ്ടായെന്ന്‌ കാണിച്ച് യുവാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഭക്ഷണവിതരണ സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം കാഞ്ഞിരപ്പള്ളി പൊൻകുന്നം സ്വദേശി കെകെ ബിജുവാണ് പൊൻകുന്നം പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

രാവിലെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ കുന്നുംഭാഗം സർക്കാർ സ്കൂളിനു മുൻപിൽ വച്ചാണ് ബിജുവിനെ പോലീസ് തടഞ്ഞത്. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസ് കാലാവധി കഴിച്ചിരുന്നു. ഇക്കാരണം പറഞ്ഞ് ബിജുവിനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.