എസ്.യു.വി കാർ വാടകക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിൽ പൂമ്പാറ്റ സിനി അറസ്റ്റിലായി

തൃശൂർ . മഹീന്ദ്ര എസ്.യു.വി കാർ വാടകക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിൽ ശ്രീജ എന്ന പൂമ്പാറ്റ സിനി അറസ്റ്റിലായി. ഇക്കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഒല്ലൂർ കേശവപ്പടി സ്വദേശി ജിതിൻ എന്നയാളുടെ മഹീന്ദ്ര എസ്.യു.വി കാർ വാടകയ്‌ക്കെടുത്ത് പൂമ്പാറ്റ സിനി മറിച്ചുവിൽക്കുക യായിരുന്നു.

ജിതിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കവർച്ച ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ശ്രീജ എന്ന പൂമ്പാറ്റ സിനി. ഒല്ലൂർ സ്റ്റേഷനിൽ മാത്രം എട്ടോളം സ്വർണ്ണ പണയ തട്ടിപ്പ് കേസുകളിൽ പൂമ്പാറ്റ സിനി പ്രതിയാണ്.

ഒല്ലൂർക്ക് പുറമെ പുതുക്കാട്, മാള, ടൗൺ, ഈസ്റ്റ്, എന്നീ പോലീസ് സ്റ്റേഷനുകളിലും സിനിക്കെതിരെ കേസുകളുണ്ട്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് പരിസരവാസികളെ പറഞ്ഞ് പറ്റിച്ചാണ് പൂമ്പാറ്റ സിനി തട്ടിപ്പ് നടത്താറുള്ളത്.