ഞാനും ഇന്ദ്രനും വളരെ നേരത്തേ വിവാഹം കഴിച്ചവരാണ്, ഒരു പാരന്റ് എപ്പോഴും പാരന്റ് തന്നെയാണ്, പൂര്‍ണിമ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമാവുകയാണ് താരം. ഇപ്പോള്‍ നടി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പാരന്റിങ്ങിനെ കുറിച്ചും വിവാഹശേഷമുള്ള അഭിനയത്തെ കുറിച്ചുമൊക്കെയാണ് നടി അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

പൂര്‍ണിമയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഒരു കാര്യം മാത്രം ചെയ്യുന്ന വ്യക്തിയല്ലല്ലോ ഞാന്‍. എപ്പോഴും എന്തെങ്കിലുമൊക്കെ കാര്യങ്ങളുമായി ബന്ധപ്പെട്ടു തിരക്കിലാണ്. എന്റെ സിനിമാ സുഹൃത്തുക്കള്‍ക്കും അക്കാര്യം അറിയാം. അഭിനേത്രി മാത്രമല്ല ഫാഷന്‍ ഡിസൈനറും വനിതാ സംരംഭകയും കൂടിയാണ് ഞാന്‍. ഒരുപാട് ഐഡന്റിറ്റികള്‍ ഇപ്പോള്‍ എനിക്കുണ്ട്. സിനിമയില്‍നിന്നു ഞാന്‍ മാറി നിന്നിട്ടില്ലെന്ന് ഞാനുമായി വളരെ അടുപ്പം പുലര്‍ത്തുന്നവര്‍ക്കു മാത്രമേ അറിയൂ. പക്ഷേ പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും വിവാഹശേഷം ഞാന്‍ സിനിമയില്‍നിന്നു മാറി നിന്നു എന്ന ധാരണ തന്നെയാണ്.

‘ഒരു പാരന്റ് എപ്പോഴും പാരന്റ് തന്നെയാണ്. കുട്ടികളുമായുള്ള ബന്ധത്തില്‍ സൗഹൃദം കണ്ടെത്താം എന്നത് ശരിയാണ്. മക്കള്‍ മാതാപിതാക്കളെ സുഹൃത്തുക്കളായി കാണാറുണ്ടെങ്കിലും മാതാപിതാക്കള്‍ക്ക് മക്കള്‍ എപ്പോഴും കുഞ്ഞുങ്ങള്‍ തന്നെയാണ്. ഇന്നത്തെ കാലത്തെ കുട്ടികള്‍ വളരെ വ്യത്യസ്തമായി ചിന്തിക്കുന്നവരും സ്വന്തമായി പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നവരുമാണ്’.

ഞാനും ഇന്ദ്രനും വളരെ നേരത്തേ വിവാഹം കഴിച്ചവരാണ്. മാതാപിതാക്കള്‍ ആയ സമയത്ത് മക്കള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു മിഡില്‍ ഗ്രൗണ്ട് ഉണ്ടാക്കിയെടുക്കാനാണ് ഞങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എങ്കില്‍ മാത്രമേ അവിടെ കൃത്യമായ ആശയവിനിമയം സാധ്യമാകൂ. എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചു വരണമെന്നും മാതാപിതാക്കളോട് സംസാരിക്കണമെന്നുമുള്ള ഒരു ചിന്ത മക്കളില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ അതുതന്നെയാണ് ഏറ്റവും വലിയ കാര്യമെന്നു ഞാന്‍ വിശ്വസിക്കുന്നു.