തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ നാടായി കേരളം, എന്തിനാണ് പിഎസ്‌സി എന്ന് പ്രഫുൽ കൃഷ്ണൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഉദ്യോഗാർത്ഥികൾക്കെതിരെ നടക്കുന്ന അനീതിക്കെതിരെ കടുത്ത വിമർശനവുമായി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. സർക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് ഇത്രയേറെ അഭ്യസ്തവിദ്യർ തൊഴിൽരഹിതരായി തുടരുന്നത്. മൂന്ന് കോടിയിലേറെ അപേക്ഷകളാണ് പിഎസ്‌സി ആസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. 20 ദിവസത്തിലേറെയായി സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ഓൾ കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാന ചാൻസ് പോലും നഷ്ടപ്പെടുന്ന അവസ്ഥയിലുള്ള നിരവധിപേരുണ്ട്. പഠിച്ച് പാസായി റാങ്ക് ലിസ്റ്റിൽ വന്നിട്ടും സ്ഥാനം നടുറോഡിൽ. ഉദ്യോ​ഗാർത്ഥികളുടെ പ്രായമായ മാതാപിതാക്കളും പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പടെ ആയിരങ്ങളാണ് എട്ട് മണിക്കൂറോളം റോഡ് ഉപ​രോധിച്ചത്. ഈ ധർണയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രഫുൽ കൃഷ്ണൻ.

രാവുകളെ പകലുകളാക്കി, ഉറക്കമളച്ചിരുന്ന് പഠിച്ചവരാണ് ഇന്ന് ഈ കൊടുംവെയിൽ വന്ന് കിടക്കുന്നത്. കായിക ക്ഷമതാ പരീക്ഷ ഉൾപ്പടെ പാസായവരാണ് ഇവർ. പരീക്ഷ എഴുതി പാസാകാത്തവരെയും, കായിക ക്ഷമതാ പരീക്ഷയിൽ പാസാകാത്തവരെയും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച എസ്‌ഐ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടിയപ്പോഴാണ് പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തത്. എന്തിനാണ് പിഎസ്‌സി എന്ന് പറയുന്നത്.