പ്രപഞ്ചത്തിൻറെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ; ചന്ദ്രയാൻ 3 യുടെ വിജയത്തിൽ പ്രകാശ് രാജ്

ചന്ദ്രയാനെ പരിഹസിച്ച് പുലിവാൽ പിടിച്ച പ്രകാശ് രാജ് ചന്ദ്രയാൻ 3 ചരിത്ര നേട്ടത്തിൽ സന്തോഷം പങ്കിട്ടു. എക്സിലൂടെയാണ് പ്രകാശ് രാജ് ചന്ദ്രയാൻ 3 യുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്. “ഇന്ത്യയ്ക്കും മുഴുവൻ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐ എസ് ആർഒയ്ക്കും ചന്ദ്രയാൻ 3 നും വിക്രം ലാൻഡറിനും ഇത് യാഥാർഥ്യമാക്കാൻ സംഭാവന ചെയ്ത ഓരോരുത്തർക്കും നന്ദി. പ്രപഞ്ചത്തിൻറെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ”എന്നാണ് പ്രകാശ് രാജ് കുറിച്ചത്.

ഏതാനും ദിവസം മുൻപ് വിക്രം ലാൻഡറിൽ നിന്ന് അയച്ച ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രമെന്ന തലക്കെട്ടോടെ പ്രകാശ് രാജ് ട്വീറ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. ചായ അടിക്കുന്ന ഒരാളുടെ ചിത്രമായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനാ പ്രവർത്തകരുടെ പരാതിയിൽ കർണാടകയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ നടനെതിരെ കേസും എടുത്തിരുന്നു. ചന്ദ്രനിലെത്തിയാലും ചായക്കട നടത്തുന്ന ഒരു മലയാളി കാണുമെന്ന തമാശക്കഥയാണ് താൻ ഉദ്ദേശിച്ചതെന്ന് ഇതിൽ അദ്ദേഹം വിശദീകരണം നൽകിയിരുന്നു.

അതേസമയം ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനിറ്റുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐ എസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ർക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.