ഞങ്ങളുടെ വിവാഹത്തിനുള്ള തടസ്സം ജാതിയായിരുന്നു-പ്രസന്ന

തെന്നിന്ത്യയുടെ പ്രിയ താരമാണ് സ്നേഹ.മമ്മൂട്ടി,മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി മലയാളികളുടെയും മനം കവർന്ന സ്നേഹയുടെ വിവാഹം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു.നടൻ പ്രസന്നയാണ് താരത്തിന്റെ ഭർത്താവ്.വിവാഹത്തെക്കുറിച്ച് പ്രസന്ന പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു

സിനിമാ താരങ്ങളായ സ്നേഹയും പ്രസന്നയും 2012 ലായിരുന്നു വിവാഹിതരാകുന്നത്.ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.വിവാഹ ശേഷം സ്നേഹ പതിയെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ അപ്പോഴും ആരാധകരുടെ സ്നേഹം തെല്ലും കുറഞ്ഞില്ല.സ്നേഹ-പ്രസന്ന ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്.സിനിമയിൽ നിന്നും മാറി നിന്ന സ്നേഹ ടെലിവിഷനിലൂടെ തിരികെ വന്നു. പിന്നാലെ താരം സിനിമയിലേക്കും മടങ്ങി വരികയായിരുന്നു.മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിലൂടെ സ്നേഹ മലയാളത്തിലേക്കും തിരികെ വരികയായിരുന്നു.നേരത്തെ മമ്മൂട്ടിക്കൊപ്പം തുറുപ്പു ഗുലാനിലും സ്നേഹ അഭിനയിച്ചിരുന്നു.

അതേസമയം,പോയവർഷം പ്രസന്നയും മലയാളത്തിലേക്ക് എത്തിയിരുന്നു.പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡെയായിരുന്നു പ്രസന്നയുടെ ആദ്യ മലയാള ചിത്രം.കലാഭവൻ ഷാജോണായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.ചിത്രത്തിലെ പ്രസന്നയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിവാഹത്തെക്കുറിച്ച്‌ പ്രസന്ന പറഞ്ഞ കാര്യങ്ങൾ വൈറലാകുന്നു.ഒരു സിനിമാ നടിയെ വിവാഹം ചെയ്യും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ആളാണ് ഞാൻ.വീട്ടുകാർ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന ചിന്തയായിരുന്നു.പക്ഷേ,സ്നേഹയാണ് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു.എന്റെ അച്ഛനെ സമ്മതിപ്പിക്കാൻ ആറു മാസമെടുത്തു, ജാതി ആയിരുന്നു തടസ്സം.ഞങ്ങൾ ബ്രാഹ്മണരാണ്,സ്നേഹ നായിഡുവും.ഒടുവിൽ വർഷങ്ങൾക്കു മുൻപ് റിട്ടയറായ അച്ഛന്റെ സുഹൃത്തുക്കളെ വരെ ഇടപെടുത്തിയാണ് സമ്മതം വാങ്ങിയത്.2012ലായിരുന്നു വിവാഹം.പറ്റിയാൽ എന്നെങ്കിലും ഞാൻ ഇതൊരു സിനിമയാക്കും.അത്രയ്ക്ക് സംഭവബഹുലമാണ് ആ കഥ.കൗതുകം അതല്ല,ഞാൻ സ്നേഹയെ പരിചയപ്പെടും മുൻപു തന്നെ അച്ഛൻ അവളുമായി സംസാരിച്ചിരുന്നു.ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട ഒരു വിവാദമുണ്ടായപ്പോൾ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അച്ഛനാണ് അന്ന് ഇടപെട്ടത്.

എന്റെ അച്ഛനെ ഞാൻ മനസ്സിലാക്കിയത് എനിക്ക് മകൻ ജനിച്ചതോടെയാണ്.പലപ്പോഴും ഞാനും അച്ഛനും വലിയ ഉടക്കിലായിരുന്നു.അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ജീവിക്കാൻ എനിക്കായിട്ടില്ല.എന്നെ എൻജിനീയറായി കാണാനാണ് അദ്ദേഹം ആഗ്രഹിച്ചത്.പക്ഷേ,ഞാൻ നടനായി.വിവാഹവും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നില്ല.എന്നിട്ടും എന്റെ നന്മ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്.മകൻ ജനിച്ച ശേഷമാണ് അച്ഛൻ എന്ന ഫീൽ മനസ്സിലായത്.