പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം, ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി

ന്യൂഡല്‍ഹി. സൈന്യത്തിന് നേരെ ജമ്മു കാശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം. ഭീകരാക്രമണത്തിന് ശേഷം ജമ്മു കാശ്മീരിലെ സ്ഥിതി വിലയിരുത്തുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. അതേസമയം പ്രദേശത്ത് എന്‍ഐഎയും ബോംബ് സ്‌ക്വാഡും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീമും പരിശോധന നടത്തി. ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം എന്‍ഐഎ നടത്തും.

വനമേഖലയില്‍ ഏഴ് ഭീകരര്‍ ഉള്ളതായിട്ടാണ് വിവരം. ഭീകരര്‍ക്കായി സൈന്യം ശക്തമായ തിരച്ചിലാണ് നടത്തുന്നത്. ആക്രമണത്തിന് പിന്നില്‍ ഈ ഭീകരരാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ജെയ്‌ഷെ മുഹമ്മദ് അനുകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് വിലയിരുത്തല്‍. സൈന്യത്തിന്റെ ട്രക്കിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ ശേഷം ഇന്ധന ടാങ്കിലേക്ക് ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.

പ്രദേശത്ത് ശക്തമായ മഴയും മോശം കാലവസ്ഥയും നിലനില്‍ക്കുന്നത് മുതലെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഭിംബര്‍ ഗലിയില്‍ നിന്നും പൂഞ്ചിലെ സങ്കിയേറ്റിലെ സൈനിക ക്യാമ്പിലേക്കുള്ള എണ്ണയും മറ്റും കൊണ്ടുപോതുന്ന ട്രക്കിന് നേരെയാണ് ആക്രമണം നടന്നത്. ഭീകരവരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.