അഭിമാനം ആകാശംമുട്ടെ ! ഗഗൻയാനിലേറുന്ന നാൽവർ സംഘത്തെ നയിക്കാനുള്ള ചരിത്ര നിയോഗം മലയാളിക്ക്

തിരുവനന്തപുരം ∙ ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ൽ പോകുന്ന യാത്രികരെ വിഎസ്‌എസ്‌‌സിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

മലയാളിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ആ നാലുപേര്‍. ഇതില്‍ മൂന്നുപേരാണ് ഗഗന്‍യാന്‍ പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഇവരുടെ പരിശീലനം പൂര്‍ത്തിയായി.

ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. ബെംഗളൂരുവിൽ ഐഎസ്ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്കര വെല്ലുവിളികൾ നേരിടാൻ സമർഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്.

രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിഎസ്‌എസ്‌സിയിലെ ചടങ്ങുകൾക്കു ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപനച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കു പോകും. നാളെ ഉച്ചയ്ക്ക് 1.10ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്കു പോകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിലാണ് ഇവരെ അവതരിപ്പിച്ചത്.