അഗ്നിവീരുകളുടെ ആദ്യ ബാച്ചിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി. അഗ്നിവീർ പദ്ധതിയിലൂടെ നിയമനം ലഭിച്ച ആദ്യബാച്ചിലുള്ളവരുമായി ആശയവിനിമയം നടത്തി അഗ്നിവീരുകളുടെ ആദ്യ ബാച്ചിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓൺലൈനായിട്ടായിരുന്നു പ്രതിരോധമന്ത്രിയുടെ കൂടിക്കാഴ്ച്ച. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും യോഗത്തിൽ പങ്കെടുക്കുകയു ണ്ടായി. സായുധ സേനയിലെ ഹ്രസ്വകാല നിയമന പദ്ധതിയാണിത്.

അഗ്‌നിപഥ് പദ്ധതി സ്ത്രീകളെ ശാക്തീകരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, മൂന്ന് സേനകളിലും വനിതകളെ കാണാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. 25,000ത്തിൽ അധികം അഗ്നിവീരുകളുടെ ആദ്യ ബാച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ പരിവർത്തന നയം നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിലും അവരുടെ ഭാവി സജ്ജരാക്കുന്നതിലും മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി.

25,800 സൈനികരുടെ ആദ്യ ബാച്ചിൽ ആർമിയിലേക്ക് 19,000 റിക്രൂട്ട്മെന്റുകളും 271 വനിതകൾ ഉൾപ്പെടെ 2,800 പേർ നേവിയിലേക്കും 3,000 പേർ ഇന്ത്യൻ എയർഫോഴ്സിലേക്കും (ഐഎഎഫ്) ഉൾപ്പെടുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും അഗ്നിവീർ ബാച്ചുമായി സംവദിക്കുകയുണ്ടായി.

സർക്കാർ അഗ്നിപഥ് പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ജൂൺ പതിനാലിനാണ്. പതിനേഴര വയസ്സ് പ്രായമായവരെ നാല് വർഷ കാലയളവിൽ സൈന്യത്തിലേക്ക് നിയമിക്കുന്ന പദ്ധതിയിൽ പ്രായപരിധി 25 വയസ്സായി സർക്കാർ ഉയർത്തിയിരുന്നു. 17 ഉം, 21 ഉം ആണ് പ്രായപരിധിയായി സർക്കാർ ആദ്യം നിർദ്ദേശിക്കുന്നത്. ഇത്തരത്തിൽ സേവനം അനുഷ്ടിക്കുന്ന 25 ശതമാനം പേർക്ക് 15 വർഷത്തേക്ക് തുടർ നിയമനവും ലഭിക്കുന്നതാണ്.