പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൈറ്റ് ഹൗസില്‍ വമ്പന്‍ സ്വീകരണം, മോദി വിളികള്‍ വൈറ്റ് ഹൗസില്‍ നിറഞ്ഞു

വാഷിങ്ടന്‍. പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് വൈറ്റ് ഹൗസില്‍ വമ്പന്‍ സ്വീകരണം. വൈറ്റ് ഹൗസില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. മോദിയെ സ്വീകരിക്കുവനായി വൈറ്റ് ഹൗസിലെ ലോണില്‍ നിരവധി ഇന്ത്യക്കാര്‍ കാത്ത് നിന്നിരുന്നു. മോദി, മോദി വിളികളോടെയാണ് അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്.

അതേസമയം ഇത്രയും പേരെ ഒരുമിച്ച് വൈറ്റ് ഹൗസിന്റെ ലോണില്‍ പ്രവേശിപ്പിക്കുന്നത് ആദ്യമായിട്ടാണ്. ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും ഇത് വലിയ ബഹുമതിയാണെന്ന് മോദി പറഞ്ഞു. വൈറ്റ് ഹൗസില്‍ നല്‍കിയ ഊഷ്മള സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. 140 കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രസിഡന്റ് ജോ ബൈഡനും ജില്‍ ബൈഡനും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അതേസമയം മോദിയുടെ സന്ദര്‍ശനം ഇന്ത്യ യുഎസ് ബന്ധത്തിന് ശക്തി പകര്‍ന്നുവെന്ന് ബൈഡന്‍ പ്രതികരിച്ചു. അതേസമയം പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര എന്നിവരും വൈറ്റ് ഹൗസില്‍ എത്തി. ഓവല്‍ ഓഫിസില്‍ പ്രധാനമന്ത്രിയും ബൈഡനും സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടും. ഇതിന് ശേഷമാണ് ഉഭയകക്ഷി ചര്‍ച്ച.

യോഗത്തില്‍ നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. പ്രതിരോധം, ബഹിരാകാശം, നിര്‍ണായക സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയാലാണ് ചര്‍ച്ച. തുടര്‍ന്ന് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കും.