ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക, പൃഥ്വിരാജ് പറയുന്നു

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് രൂപികരിക്കപ്പെട്ടവരാണെന്നും ഒരു മാധ്യമത്തോട് പൃഥ്വിരാജ് പറഞ്ഞു. സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ലൂസിഫര്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ സെറ്റ് വിസിറ്റ് ചെയ്തിരുന്നു, എന്നോട് സംസാരിച്ചിരുന്നു. എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല. അതിന്റെ അധികാരം ആര്‍ക്കാണ് എന്ന് എനിക്ക് അറിയില്ല. എന്റെ ആഗ്രഹം ആ എക്സൈസ്, ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക എന്നതാണ്,’ പൃഥ്വിരാജ് വ്യക്തമാക്കി.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും വീണുടയുമെന്ന് നടി പാര്‍വതി തിരുവോത്തും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയപ്പോള്‍ അവസരം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും ആഭ്യന്തര പരാതി പരിഹാര സെല്ലിനെതിരെ പ്രവര്‍ത്തിച്ചത് സിനിമാ മേഖലയിലെ കരുത്തരാണെന്നും പാര്‍വതി പറഞ്ഞു.

ഹേമ കമ്മിറ്റിയുടെ കാര്യമെടുത്താല്‍ ആദ്യം ഒരു കമ്മിറ്റി വരുന്നു. വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. ഈ കമ്മിറ്റി പഠിച്ചതൊക്കെ പഠിക്കാന്‍ വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. തെരഞ്ഞെടുപ്പ് സമയം വരെ ഒന്ന് കാത്തിരുന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊക്കെ വളരെ പെട്ടെന്ന് പുറത്തുവരുമെന്നാണ് തോന്നുന്നത്. അതാണ് എന്റെ ഒരു പ്രവചനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സ്ത്രീസൗഹൃദ സര്‍ക്കാരായി ഇത് മാറും. ആ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ നമ്മള്‍ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും. അവരുടെ ഈഗോകളും പവര്‍ പൊസിഷനുകളുമാണ് അവര്‍ക്ക് പ്രധാനം, പാര്‍വതി പറഞ്ഞു.