അനധികൃതമായി അവധിയിലുള്ള എല്ലാ ജീവനക്കാരേയും സര്‍വീസില്‍ നിന്നും പിരിച്ചുവിടാനൊരുങ്ങി ധനകാര്യവകുപ്പ്

അനധികൃതമായി അവധിയിലുള്ള എല്ലാ ജീവനക്കാരേയും സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ധനകാര്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ശമ്പളമില്ലാത്ത അവധിയെടുക്കുകയും അനുവദിച്ച കാലയളവിനു ശേഷവും അവധിയില്‍ തുടരുന്ന എല്ലാ ജീവനക്കാരേയും പിരിച്ചുവിടാനാണ് നിര്‍ദ്ദേശം. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗാണ് വകുപ്പ് മേധാവികള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. അവധി അപേക്ഷ സമര്‍പ്പിക്കാതെയും സര്‍വീസില്‍ പ്രവേശിക്കാതെയും നിലവില്‍ അവധിയില്‍ തുടരുന്നവരെയാണ് പിരിച്ചുവിടുന്നത്.

അവധിയുടെ കാലയളവിനു ശേഷം അവധി അപേക്ഷ നല്‍കാതെയും സര്‍വീസില്‍ പ്രവേശിക്കാതെയും അനധികൃതമായി അവധിയിലുള്ളവരെയാണ് പിരിച്ചുവിടുക. 2020 നവംബര്‍ അഞ്ചിനു ശേഷം ശൂന്യവേതാവധി അഞ്ചു വര്‍ഷമായിരിക്കും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശത്തിലാണ് അനധികൃമായി അവധിയില്‍ തുടരുന്ന എല്ലാവരേയും പിരിച്ചുവിടാന്‍ വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തോ, വിദേശത്തോ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതിനും പങ്കാളിയോടൊപ്പം താമസിക്കുന്നതിനും പരമാവധി 20 വരെ ഘട്ടംഘട്ടമായി അവധി അനുവദിച്ചിരുന്നു.

എന്നാല്‍ 2020 നവംബര്‍ അഞ്ചു മുതല്‍ അവധി അഞ്ചു വര്‍ഷമായി പരിമിതപ്പെടുത്തി. ഇതിനായി ഇപ്പോള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ധനകാര്യ വകുപ്പ് നിലപാട് വ്യക്തമാക്കിയത്. ഒരു ഉദ്യോഗസ്ഥനു സര്‍വീസ് കാലയളവില്‍ ലഭിക്കുന്ന ശമ്പളമില്ലാതെയുള്ള അവധി പരമാവധി അഞ്ച് വര്‍ഷമായിരിക്കും. അവധി കഴിയുന്ന മുറയ്ക്ക് തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുത്ത് സര്‍വീസില്‍ നിന്നും നീക്കം ചെയ്യും. 2020 നവംബര്‍ അഞ്ചിനു ശേഷം ലഭിക്കുന്ന അപേക്ഷകളില്‍ അവധി അനുവദിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.