ഗവർണർക്ക് നേരെ കരിങ്കൊടി, 25 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

തൃശ്ശൂര്‍: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 25 എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളങ്കുന്നത്തുകാവില്‍ ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വെളപ്പായ റോഡിൽ വെച്ച് എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചത്.

കനാൽ പിരിവിൽ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകുന്നതിന് മുൻപ് മുദ്രാവാക്യം വിളിച്ച് പുറത്തു വരുകയായിരുന്നു. ഗവർണറുടെ വാഹനത്തിന് അരികിൽ എത്തുന്നതിനു മുൻപുതന്നെ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

വൈകിട്ട് 6.45ന് കാഴ്ച പറമ്പ് ജംക്‌ഷനിലും പ്രതിഷേധമുണ്ടായി. വനിത പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു നീക്കി.