പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, വൻ മുന്നേറ്റത്തിൽ ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് തുടങ്ങി. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുകയാണ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു. ആദ്യ ലീഡ് നില ചാണ്ടി ഉമ്മന് അനുകൂലം. സർവീസ് തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി തോമസ് (എൽഡി.എഫ്), ലിജിൻലാൽ (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. 25,000-32,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറിജയം ലഭിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. വോട്ട് കൂടുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്.