പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്, സഹതാപ തരം​ഗത്തെക്കാൾ വ്യക്തമാകുന്നത് ഭരണവിരുദ്ധ വികാരം, അടിപതറി പിണറായി പക്ഷം

കോട്ടയം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് കാൽ ലക്ഷവും കടന്നു മുന്നേറുന്നു. പുതുപ്പള്ളിയിൽ യുഡിഎഫ് തരം​ഗമാണ് കാണാൻ കഴിയുന്നത്. രാഷ്ട്രീയമായി മുൻകൈയുള്ള മണ്ഡലമെന്ന സിപിഎമ്മിന്റെ അവകാശവാദത്തെ തകർത്തെറിഞ്ഞാണ് ചാണ്ടി ഉമ്മൻ ഓരോ നിമിഷവും ലീഡ് നില ഉയർത്തുന്നത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സഹതാപ തരം​ഗത്തെക്കാൾ വ്യക്തമാകുന്നത് ഭരണവിരുദ്ധ വികാരമെന്ന് പ്രതിപക്ഷം. നിലം തൊടാതെയുള്ള ചാണ്ടിഉമ്മന്റെ ലീഡ് സ്വപ്നതുല്യമാണെന്നും, ഇതോടെ പിണറായി പക്ഷം അടി പതറിയെന്നും വ്യക്തമാകുന്നു. ഈ മുന്നേറ്റത്തോടെ കേരളാ നിയമസഭയിലേക്കുള്ള ചാണ്ടി ഉമ്മന്റെ സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു.

കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ. 7 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.