നഗ്‌ന ശരീരം കാണണമെന്ന് തോന്നുകയാണെങ്കില്‍ കണ്ണാടിയില്‍ നോക്കൂ, മാധ്യമപ്രവര്‍ത്തകന്റ വായടപ്പിച്ച് രാധിക ആപ്‌തെ

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് രാധിക ആപ്‌തെ. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടി സ്വന്തമായൊരിടം നേടിയെടുത്തു. പലപ്പോഴും ബോള്‍ഡ് രംഗങ്ങളുടെ പേരിലും രാധിക വാര്‍ത്തകളില്‍ നിറയാറുണ്ട്. നടി സ്വീകരിച്ചിട്ടുള്ള ശക്തമായ നിലപാടുകള്‍ പലപ്പോഴും ശ്രദ്ധ നേടിയിട്ടുമുണ്ട്. തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാറില്ല രാധിക.

രാധിക ആപ്തെ പ്രധാന വേഷത്തിലെത്തിയ ചിത്രമായ പാര്‍ച്ച്ഡിലെ രാധികയുടെ ബോള്‍്ഡ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഈ സംഭവത്തില്‍ താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് രാധിക നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഒരു പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. പുറത്തായ രംഗങ്ങള്‍ സിനിമയുടെ വിജയത്തിന് സഹായിച്ചിരുന്നുവോ എന്നായിരുന്നു രാധികയോട് മാധ്യമപ്രവര്‍ത്തകന്‍ രാധികയോട് ചോദിച്ചത്. ഇതിന് രൂക്ഷമായ ഭാഷയിലായിരുന്നു രാധിക മറുപടി നല്‍കിയത്.

”ക്ഷമിക്കണം, നിങ്ങളുടെ ചോദ്യം മണ്ടത്തരമാണ്. നിങ്ങളെ പോലുള്ളവരാണ് വിവാദങ്ങളുണ്ടാക്കുന്നത്. നിങ്ങള്‍ വീഡിയോ കാണുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്തവരാണ്. നിങ്ങളില്‍ നിന്നുമാണ് വിവാദമുണ്ടാകുന്നത്”. ”ഞാന്‍ ഒരു കലാകാരിയാണ്. ഒരു ജോലി ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ചെയ്യും. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്ത് വന്ന് ലോക സിനിമയിലേക്ക് നോക്കിയാല്‍, പുറത്തുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാല്‍, സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേടില്ലാത്തവര്‍ ചെയ്യുന്നത് കണ്ടാല്‍ ഈ ചോദ്യം എന്നോട് ചോദിക്കില്ലായിരുന്നു.”

സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേടുള്ളവര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസയുണ്ടാവുകയുള്ളൂ. നാളെ നിങ്ങള്‍ക്കൊരു നഗ്‌ന ശരീരം കാണണമെന്ന് തോന്നുകയാണെങ്കില്‍ സ്വയം കണ്ണാടിയില്‍ നോക്കണമെന്നും രാധിക ചോദ്യകര്‍ത്താവിനോടായി പറയുന്നുണ്ട്. താരത്തിന്റെ മറുപടി കേട്ടതോടെ താരത്തെ വേദനിപ്പിച്ചതില്‍ താന്‍ മാപ്പ് പറയുന്നതായി മാധ്യമപ്രവര്‍ത്തകന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് വേദനിച്ചില്ലെന്നും നിങ്ങളാണ് എല്ലാം മറക്കേണ്ടതെന്നായിരുന്നു രാധിക ഇതിനോട് പ്രതികരിച്ചത്.