ഇരട്ടകളായ രാധികയ്ക്കും ഗോപികയ്ക്കും വിവാഹ ശേഷവും പിരിയെണ്ട, വിവാഹം ചെയ്യുന്നത് ഇരട്ട സഹോദരങ്ങള്‍

പലപ്പോഴും ഇരട്ട പിറന്നവരുടെ വേദന പിന്നീട് ജിവിതത്തില്‍ പിരിയേണ്ടി വരുന്നതാണ്. എന്നാല്‍ ഇരട്ടകളായ രാധികയ്ക്കും ഗോപികയ്ക്കും ആ വേദനയില്ല. ഇരട്ട സഹോദരങ്ങളായ സുബാഷ് ബോസും സുബീഷ് ബോസുമാണ് ഇവരെ ജീവിത സഖകളാക്കുന്നത്. വിവാഹം കഴിഞ്ഞും പിരിയാതെ ഒരേ വീട്ടില്‍ ഇവര്‍ക്ക് കഴിയാം.

ശനിയാഴ്ചയാണ് ഈ ഇരട്ട വിവാഹം. മഹാദേവര്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് 10.46നും 11.15നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ രാധികയുടെ വിവാഹം നടക്കും. തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഗോപികയും വിവാഹിതയാകും. പന്തളം മുടിയൂര്‍ക്കോണം ചേരിക്കല്‍ പുതത്ന്‍കുറ്റിയിലെ വധൂഗൃഹത്തില്‍ യുവതികളുടെ മാതാപിതാക്കളായ പി എന്‍ വിവേകാനന്ദനും ഗീതാകുമാരിയും ഇരട്ടി സന്തോഷത്തിലാണ്.

കേരള സര്‍വകലാശാല ഫിഷറീസ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസില്‍ മറൈന്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥികളായിരുന്നു രാധികയും ഗോപികയും. ഇരുവരും ഫസ്റ്റ്ക്ലാസോടെയാണ് പരീക്ഷ ജയിച്ചത് കഴിഞ്ഞ സെപ്റ്റംബര്‍ അവസാനമാണ്. പരീക്ഷ വിജയത്തിന്റെ സന്തോഷത്തിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹവുമെത്തിയത്. ആങ്ങമൂഴി കരിമ്പിന്‍ വീട്ടില്‍ കെ എം ബോസിന്റെയും ശശികലയുടെയും മക്കളാണ് സുബാഷും സുബീഷും.

സുബീഷും സുബാഷും വെബ് ഡിസൈനിങ്, മാര്‍ക്കറ്റിങ് മേഖലയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. റാന്നി പെരുനാട്ടില്‍ കോവിഡ് സന്നദ്ധ സേനയില്‍ ജോലി ചെയ്ത ചേരിക്കല്‍ സ്വദേശി കരുണാകരനാണ് ഇരുവരുടെയും വിവരങ്ങള്‍ ചിത്രാ ആശുപത്രി ജംക്ഷനില്‍ ഉത്രാടം ഓട്ടോ-ഇലക്ട്രിക്കല്‍ വര്‍ക്ഷോപ് നടത്തുന്ന വിവേകാനന്ദനു കൈമാറുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു പിന്നീട് വിവാഹനിശ്ചയവും നടത്തിയിരുന്നു.