രാഹുൽ ആദ്യം രാജ്യത്തിന്റെ ചരിത്രം പഠിക്കൂ – അമിത് ഷാ

ന്യൂഡൽഹി. ഇന്ത്യയെ ഒന്നിപ്പിക്കാനായി ഇറങ്ങിത്തിരിച്ച രാഹുൽ ഗാന്ധി ആദ്യം രാജ്യത്തിന്റെ ചരിത്രം പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ആരംഭിച്ചിരിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശ ശുദ്ധി തന്നെ ശരിയല്ലെന്ന് അമിത് ഷാ വിമർശിച്ചു. ഭാരത് ജോഡോ എന്ന് ആവർത്തിക്കുന്ന നേതാവ് ഈ നാട് ഒരു രാഷ്‌ട്രമേ അല്ലെന്ന് വീമ്പുപറഞ്ഞ വ്യക്തിയാണ്.

രാജസ്ഥാനിലെ ജോധിപുരിൽ ബിജെപിയുടെ ബൂത്തതല അനുയായികളെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് അമിത്ഷാ സംസാരിച്ചത്. ജോധ്പൂരിൽ ബിജെപിയുടെ സമ്മേളനത്തിൽ രാഹുലിനെതിരെ അമിത് ഷാ ആഞ്ഞടിക്കുകയായിരുന്നു. വിദേശ ടീ ഷർട്ട് ധരിച്ചാണ് രാഹുൽ പദയാത്ര നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.

ആദ്യം സ്വന്തം നാടിന്റെ മഹത്വമെന്താണെന്ന് രാഹുൽ പഠിക്കണം. ലക്ഷക്കണക്കിന് ജനങ്ങൾ ഒരു ഇന്ത്യ എന്ന സ്വപ്‌നം നെഞ്ചിലേറ്റി ജീവത്യാഗം ചെയ്ത നാടാണിത്. ഈ ഇന്ത്യയെ വീണ്ടും ഒന്നിപ്പിക്കുമെന്ന് വീമ്പുപറയുന്നയാൾ വിദേശ ടീ ഷർട്ടും ധരിച്ചിട്ടാണ് വൈകാരികത വളർത്താൻ ആവേശത്തോടെ രാഹുൽ ഇറങ്ങിയിരിക്കുന്നതെന്നും അമിത്ഷാ പരിഹസിക്കുകയുണ്ടായി.

പാർലമെന്റിൽ ഇന്ത്യയുടെ അഖണ്ഡതയെ അപമാനിച്ച വ്യക്തിയാണ് രാഹുൽ. അഖണ്ഡതയുടെ അടിത്തറയിൽ നിയമനിർമ്മാണം നടത്തുന്ന പാർലമെന്റിലാണ് രാഹുൽ ഇന്ത്യ ഒന്നല്ലെന്ന് വിളിച്ചുപറഞ്ഞത്. കോൺഗ്രസ്സ് ഒന്നടങ്കം സ്വന്തം നേതാവിനെക്കുറിച്ച് കാര്യമായ വിശകലനം തന്നെ നടത്താൻ തയ്യാറാകണം. സ്വയം ഒരുപാർട്ടിയെ ഒരുമയോടെ കൊണ്ടുപോകാൻ കഴിയാത്ത നേതാവ് നാടിനെ ഒന്നിപ്പിക്കാൻ ഇറങ്ങുമ്പോൾ ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നു അമിത് ഷാ പറഞ്ഞു.

പാർലമെന്റിൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ചും അമിത് ഷാ പരാമർശിക്കുകയുണ്ടായി. ‘രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് അദ്ദേഹത്തെയും കോൺഗ്രസുകാരെയും ഓർമിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ എല്ലാവരുടെയും രാഷ്ട്രമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുൽ, താങ്കൾ ഏതു ബുക്കിലാണ് ഇങ്ങനെ വായിച്ചിട്ടുള്ളത്? ലക്ഷക്കണക്കിന് ആളുകൾ അവരുടെ ജീവൻ ബലിയർപ്പിച്ച രാജ്യമാണിത്.’– അമിത് ഷാ രാഹുലിനെ ഓർമ്മപ്പെടുത്തി. കോൺഗ്രസിന് ഒരിക്കലും വികസനത്തിനായി പ്രവർത്തിക്കാനാകില്ല. അവർക്ക് പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. അമിത് ഷാ പറഞ്ഞു.