പെഗാസസ്; മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി

pഇസ്രയേൽ ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന് പിന്നാലെ പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു രാഹുല്‍ ഗാന്ധി. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുടെ ഫോൺ ചോർത്തിയത്തിലൂടെ മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയക്കാരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.

മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള രണ്ട് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ൽ കേന്ദ്ര സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും റിപ്പോർട്ടിൽ പറയുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്.

മിസൈല്‍ ഉള്‍പ്പെടെയുള്ള 200 കോടിയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തിയായിരുന്നു ചാരസോഫ്റ്റ്‍‍വെയറായ പെഗാസസ് വാങ്ങിയത്. പോളണ്ട്, ഹംഗറി, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കരാർ പ്രകാരം ഇസ്രയേല്‍ സോഫ്റ്റ്‍വെയര്‍ കൈമാറിയതായും പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും അടക്കം നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലില്‍ പാർലമെന്‍റില്‍ അടക്കം പ്രതിഷേധം നടന്നിരുന്നു. അടുത്തയാഴ്ച പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ചേരാനിരിക്കെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.

എന്തുകൊണ്ടാണ് മോദി സർക്കാർ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവർത്തിക്കുകയും ഇന്ത്യൻ പൗരന്മാർക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു.