രാജ്യത്തെ രക്ഷിക്കാൻ 41000 രൂപയുടെ ടി ഷർട്ടിട്ട്‌ രാഹുലിന്റെ ‘ഭാരത് ജോഡോ യാത്ര’

ന്യൂഡൽഹി. ഭാരത് ജോഡോ യാത്ര നയിക്കുന്ന വയനാട് എം പി രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്ന ടീഷർട്ട് വിവാദത്തിലായി. 41,000 രൂപ വിലവരുന്ന ബർബെറി ടീ ഷർട്ടും ധരിച്ചാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത് എന്നതാണ് കൗതുകം ഉണ്ടാക്കിയിരിക്കുന്നത്. രാഹുലിന്റെ ചിത്രത്തിനൊപ്പം ടീഷർട്ടിന്റെ ചിത്രവും വിലയും ചേർത്ത് ബിജെപി ട്വീറ്റ് ചെയ്തതോടെയാണ് രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്ന ടീഷർട്ട് വിവാദത്തിലായത്.

ഭാരത് ദേഖോ എന്ന തലക്കെട്ടോടെയാണ് ബിജെപി ചിത്രം പങ്കു വെച്ചത്. എന്നാൽ രാഹുൽ ഗാന്ധിയെ ഭയന്നാണ് ബിജെപി ഇത്തരം പ്രചാരണം നടത്തുന്നത് എന്ന് കോൺഗ്രസ് തിരിച്ച് ആരോപിച്ചിട്ടുണ്ട്. ടീഷർട്ടിന്റെ ബ്രാൻഡ് നാമത്തെ കുറിച്ചോ വിലയെ കുറിച്ചോ പ്രതികരിക്കാൻ എന്നാൽ കോൺഗ്രസ് തയ്യാറായില്ല.

തൊഴിലില്ലായ്മയ്‌ക്കും വിലക്കയറ്റത്തിനുമെതിരെ എന്ന പേരിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നത്. യാത്രയുടെ ധൂർത്തിനെതിരെ നേരത്തേ നിരവധി പേർ വിമർശനം ഉന്നയിച്ചു രംഗത്ത് വന്നിരുന്നു. യാത്രയിൽ ജനപങ്കാളിത്തം ശുഷ്കമായതും കോൺഗ്രസിന് തിരിച്ചടിയായിരിക്കുന്നതിനിടെയാണ് ടീഷർട്ടിന്റെ വിവാദം ഉണ്ടായിരിക്കുന്നത്.

കന്യാകുമാരി കടൽത്തീരത്ത് തിങ്ങിനിറഞ്ഞ കോൺഗ്രസ് പ്രവർത്തകരെ ആവേശം കൊള്ളിക്കാൻ ബിജെപിയെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉദ്ഘാടന പ്രസംഗം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് കന്യാകുമാരിയിൽ യാത്ര ഫ്ലാഗ് ഒഫ് ചെയ്തത്. 150 ദിവസം കൊണ്ട് 3570 കിലോമീറ്റർ സഞ്ചരിച്ച് യാത്ര കശ്മീരിൽ സമാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.