റോഹിംഗ്യകൾക്കെതിരെ ശക്തമായ നടപടി, വിവിധ സ്ഥലങ്ങളിലെ റെയ്ഡിൽ അനധികൃതമായി താമസിച്ച അറുപതിലധികംപേർ പിടിയിൽ

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദേശപ്രകാരം ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നുഴഞ്ഞുകയറ്റക്കാരായ റോഹിംഗ്യകൾക്കായുള്ള പരിശോധന ശക്തമാക്കി. പല സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ അറുപതിലധികം പേർ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തി കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ കശാപ്പ് ചെയ്യുന്ന ഫാക്ടറികളിൽ പണിയെടുക്കുന്നവരാണ് പിടിയിലായത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരുന്നു. മഥുര, അലിഗഡ്, ഹാപൂർ എന്നീ ജില്ലകളിലെ റോഹിംഗ്യകളുടെ സാന്നിധ്യത്തെക്കുറിച്ച് എടിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് യുപി എടിഎസിന്റെ വിവിധ ടീമുകൾ ഒരേസമയം വിവിധ ജില്ലകളിലായി റെയ്ഡ് ആരംഭിച്ചത് . പിടികൂടിയ റോഹിംഗ്യകളിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. തിരച്ചിലിൽ ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.

പ്രദേശവാസികൾ അഭയം നൽകിയ റോഹിംഗ്യകകൾ ആണ് അറസ്റ്റിലായത്. ചിലർക്ക് ഇറച്ചി ഫാക്ടറി ഉടമകൾ ജോലിയും നൽകിയിരുന്നു. ഇവർക്കെല്ലാം എതിരെ കേസ് എടുത്തു. റോഹിംഗ്യകളെ എപ്പോൾ, ആരാണ് അതിർത്തി കടത്തിവിട്ടതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എടിഎസും പോലീസും. ഇതോടൊപ്പം ഇവർക്ക് അഭയം നൽകിയവരെയും രേഖകൾ ഉണ്ടാക്കിയവരെയും കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.